ഖത്തറിൽ നിന്ന് നാട്ടിലെത്തിയ യാത്രക്കാർക്ക് ദിവസങ്ങൾ പിന്നിട്ടിട്ടും ലഗേജ് കിട്ടിയില്ലെന്ന് റിപ്പോർട്ട്
ദോഹ: ദോഹയിൽ നിന്ന് ഇൻഡിഗോ വിമാനം വഴി നാട്ടിലെത്തി ദിവസങ്ങൾ പിന്നിട്ടിട്ടും ലഗേജുകൾ കിട്ടിയിലെന്നു യാത്രക്കാരുടെ പരാതി. ജൂണ് 29ന് ദോഹയിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട 6ഇ 1716 ഇൻഡിഗോ വിമാനത്തിലെത്തിയ യാത്രക്കാർക്കാണ് 5 ദിവസം പിന്നിട്ടിട്ടും ലഗേജുകൾ ലഭ്യമാകാത്തതായി പരാതി ഉയർന്നത്. ഇത് സംബന്ധിച്ച് കണ്ണൂർ ഉളിയിൽ സ്വദേശിയായ യാത്രക്കാരനെ ഉദ്ധരിച്ച് ‘ഗൾഫ് മാധ്യമ’മാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കണ്വേയർ ബെൽറ്റിൽ മണിക്കൂറുകൾ കാത്തിരുന്നിട്ടും ലഗേജുകൾ കിട്ടാത്തതിനെത്തുടർന്നു അധികൃതർക്ക് പരാതി എഴുതിക്കൊടുത്തു മടങ്ങിയ യാത്രക്കാർ തുടർന്നുള്ള ദിവസങ്ങളിലും വിമാനത്താവളവുമായി ബന്ധപ്പെട്ടപ്പോഴും നിരാശയായിരുന്നു ഫലം. ജൂലൈ ഒന്നിന് അന്വേഷിച്ചപ്പോൾ എയർബബിൾ കരാർ പുതുക്കാത്തതിനാൽ സർവീസുകൾ മുടങ്ങി എന്നായിരുന്നു അധികൃതരുടെ മറുപടി. ദോഹയിൽ അന്വേഷിക്കണം എന്നായിരുന്നു തുടർന്ന് കണ്ണൂർ വിമാനത്താവളത്തിലെ ഇൻഡിഗോ ഓഫീസിൽ നിന്നുള്ള പ്രതികരണം.
കൂടുതൽ കാശ് മുടക്കി ചിലർ അമിത ലഗേജ് ക്വോട്ട ഉപയോഗിക്കുന്നതിനാലാണ് പലപ്പോഴും ലഗേജുകൾ വിമാനത്തിന് പുറത്താവുന്നതെന്നാണ് എയർട്രാവൽ മേഖലയിലെ അനുഭവസ്ഥരുടെ അഭിപ്രായം. വെള്ളിയാഴ്ച്ച കോഴിക്കോട് എത്തിയ ചില യാത്രക്കാർക്കും ലഗേജ് നഷ്ടമായതായി വിവരമുണ്ട്.
ലഗേജുകൾ വൈകുകയോ നഷ്ടപ്പെടുകയോ ചെയ്യുകയാണെങ്കിൽ യാത്രക്കാർക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാൻ അവസരമുണ്ട്. ഇതിനായി വ്യോമയാന മന്ത്രാലയത്തിന്റെ ‘എയർസേവ’ അപ്പ് വഴിയോ, വിമാനക്കമ്പനികളുടെ വെബ്സൈറ്റിലോ ഇമെയിൽ വിലാസത്തിലോ പി.എൻ.ആർ നമ്പർ സഹിതം പരാതി നൽകാം.