വാക്സീൻ എടുത്തില്ലെങ്കിലും തിങ്കളാഴ്ച്ച മുതൽ ഈ വിഭാഗക്കാർക്ക് ഖത്തറിൽ ഹോട്ടൽ ക്വാറന്റീൻ വേണ്ട.
ദോഹ: വാക്സീനേഷൻ പൂർത്തീകരിച്ച വിദേശികൾക്ക് ഖത്തറിൽ ക്വാറന്റിൻ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ ട്രാവൽ നയത്തിൽ വീണ്ടും ഇളവുകൾ. വാക്സീൻ സ്വീകരിക്കാത്ത നിശ്ചിത വിഭാഗം ജനങ്ങൾക്കും ക്വാറന്റീൻ ഒഴിവാക്കികൊണ്ടാണ് നയം അപ്‌ഡേറ്റ് ചെയ്തത്.
അത് പ്രകാരം റെസിഡന്റ് പെർമിറ്റ് ഉള്ള പ്രവാസികളിൽ, ജൂലൈ 12 മുതൽ ഖത്തറിലെത്തുന്നവരിൽ വാക്സിനെടുത്തില്ലെങ്കിലും ഹോട്ടൽ ക്വാറന്റീൻ ആവശ്യമില്ലാത്ത വിഭാഗങ്ങൾ ഇവരാണ്. ഓർക്കുക, ഈ വിഭാഗങ്ങൾക്ക് ഹോം ക്വാറന്റീൻ നിർബന്ധമാണ്.
– വാക്സിനേഷൻ മുഴുവൻ ഡോസും സ്വീകരിച്ച മാതാപിതാക്കളുടെ 17 വയസ്സ് വരെയുള്ള മക്കൾ.
– വാക്സീൻ പൂർത്തീകരിച്ച ഒരേ വീട്ടിൽ താമസിക്കുന്ന ഒരു ആളോടൊപ്പം എത്തുന്ന 75 വയസ്സിന് മുകളിൽ പ്രായമായവർ.
– വാക്സീൻ സ്വീകരിച്ച ഭർത്താവിനോടൊപ്പമോ ഒരേ വീട്ടിൽ താമസിക്കുന്ന ബന്ധുവിനോടൊപ്പമോ ഖത്തറിലെത്തുന്ന ഗർഭിണികൾ, രണ്ടു വയസ് വരെയുള്ള കുഞ്ഞിനോടപ്പമുള്ള മുലയൂട്ടുന്ന അമ്മമാർ.
– വാക്സീൻ പൂർത്തിയാക്കിയ ഒരു വീട്ടിൽ താമസിക്കുന്ന വ്യക്തിയോടൊപ്പമെത്തുന്ന, ഖത്തറിന്റെ ചിലവിൽ വിദേശചികിത്സ കഴിഞ്ഞു വരുന്ന രോഗികൾ.
റെഡ് ലിസ്റ്റിൽ ഉള്ള രാജ്യമായതിനാൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് 10 ദിവസമാണ് ഹോം ക്വാറന്റീൻ. ഗ്രീൻ, യെല്ലോ ലിസ്റ്റിൽ നിന്നുള്ള രാജ്യക്കാർക്ക് യഥാക്രമം 5, 7 ദിവസമാണ് ഹോം ക്വാറന്റീൻ. ക്വാറന്റീൻ പാലിക്കുമെന്നു ഈ വിഭാഗക്കാരെല്ലാം ഒപ്പിട്ടു നൽകേണ്ടതാണ്. 12-17 വയസ്സുള്ള കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കളാണ് കരാർ ഒപ്പിടേണ്ടത്
– അതേ സമയം ഖത്തറിൽ നിന്നും രണ്ടാം ഡോസ് വാക്സീൻ സ്വീകരിച്ച് 14 ദിവസം പിന്നിടാത്തവർക്കും ക്വാറന്റീൻ ഇളവുണ്ട്. ഇവർ 7 ദിവസമോ, അതിന് മുന്നേ വാക്സീന് ശേഷമുള്ള 14 ദിവസം തീരുകയാണെങ്കിൽ അത്രയുമോ ഏതാണാദ്യം എന്ന പ്രകാരം ഹോം ക്വാറന്റീനിൽ കഴിയണം.
ഇന്ത്യ അടക്കമുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നെത്തുന്നവർ പുറപ്പെടലിന് 72 മണിക്കൂർ മുൻപും ഖത്തറിലെത്തിയ ശേഷവും ആർട്ടിപിസിആർ ടെസ്റ്റിന് വിധേയമാകണം. പുറപ്പെടലിന് 12 മണിക്കൂർ മുൻപേ ഇഹ്തിറാസിൽ പ്രീ-രജിസ്റ്റർ ചെയ്യണം.