കാബൂൾ എയർപോർട്ട് നടത്താൻ ആളില്ല. ഖത്തറിനോട് സഹായം ചോദിക്കാനൊരുങ്ങി താലിബാൻ
ദോഹ: കാബൂൾ വിമാനത്താവളത്തിന്റെ നടത്തിപ്പിന് താലിബാൻ ഖത്തറിനോട് സാങ്കേതിക സഹായം ആവശ്യപ്പെട്ടേക്കുമെന്നു റിപ്പോർട്ട്. താലിബാൻ ആഭ്യന്തര വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അടുത്ത ചൊവ്വാഴ്‍ചയോടെ എല്ലാ വിദേശസേനകളും ഖത്തർ വിടണമെന്ന താലിബാന്റെ കർശന നിർദ്ദേശം നിലനിൽക്കെ, നിലവിൽ യുഎസ്-തുർക്കി സേനയുടെ നിയന്ത്രണത്തിലുള്ള കാബൂൾ എയർപോർട്ട് നടത്തിപ്പിന്, ചൊവ്വാഴ്ചയ്ക്ക് ശേഷം താലിബാനെ സംബന്ധിച്ച് മറ്റുവഴികൾ ഇല്ലാതായിരിക്കുകയാണ്.
നേരത്തെ, സമാന ആവശ്യം ഉന്നയിച്ച് താലിബാൻ തുർക്കിയോട് സഹായമാവശ്യപ്പെട്ടിരുന്നു. എന്നാൽ നാറ്റോ സേന പിൻവാങ്ങുന്നതോടെ തുർക്കി സൈന്യത്തെയും അഫ്‌ഗാനിൽ അനുവദിക്കില്ലെന്നിരിക്കെ, ആവശ്യം നിരസിച്ചിരിക്കുകയാണ് രാജ്യം. കഴിഞ്ഞ ദിവസങ്ങളിൽ കാബൂൾ വിമനത്താവള പരിസരത്ത് നടന്ന സ്ഫോടനങ്ങളും തുർക്കിയുടെ കയ്യൊഴിയലിന് വകവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് താലിബാൻ ഖത്തറിനോട് സഹായം ആവശ്യപ്പെട്ടേക്കുമെന്ന സൂചന ശക്തമാകുന്നത്.