ഖത്തർ ഫൗണ്ടേഷൻ ബിരുദധാരികൾക്ക് ആശ്വാസമായി തലബാത്; ജോലിയിലൂടെ വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാം

ദോഹ: ഖത്തറിലെ യുവപ്രതിഭകളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ഖത്തർ ഫൗണ്ടേഷൻ (QF) ബിരുദധാരികൾക്കായി പ്രത്യേക അവസരമൊരുക്കി പ്രമുഖ ഡെലിവറി പ്ലാറ്റ്‌ഫോമായ ‘തലബാത്’. ഖത്തർ ഫൗണ്ടേഷനിൽ നിന്ന് വിദ്യാഭ്യാസ വായ്പ സ്വീകരിച്ച് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക്, തലബാതിൽ ജോലി ചെയ്യുന്നതിലൂടെ ആ വായ്പ തിരിച്ചടയ്ക്കാൻ സാധിക്കുന്ന പദ്ധതിയാണ് നിലവിൽ വരുന്നത്.
ഖത്തർ ഫൗണ്ടേഷൻ സ്റ്റുഡന്റ് ഫിനാൻഷ്യൽ സർവീസസ് രൂപകൽപ്പന ചെയ്ത ഈ പദ്ധതി പ്രകാരം, ബിരുദാനന്തര പഠനത്തിന് ശേഷം ജോലിയിലേക്ക് പ്രവേശിക്കുന്നവർക്ക് സാമ്പത്തിക ഭാരം കുറയ്ക്കാൻ സാധിക്കും. ഖത്തർ ഫിനാൻഷ്യൽ സെന്ററിന്റെ (QFC) അംഗീകാരമുള്ള സ്ഥാപനമായതിനാൽ തലബാതിനെ ഇതിനായി ഔദ്യോഗിക ‘പെയ്ഡ് സർവീസ്’ ദാതാവായി അംഗീകരിച്ചിട്ടുണ്ട്.
യുവ ബിരുദധാരികളെ തലബാതിലേക്ക് ആകർഷിക്കുന്നതിനും അവർക്ക് മികച്ച തൊഴിൽ സാഹചര്യം ഒരുക്കുന്നതിനുമാണ് കമ്പനി മുൻഗണന നൽകുന്നത്. മികച്ച തൊഴിലിടത്തിനുള്ള ‘ഗ്രേറ്റ് പ്ലേസ് ടു വർക്ക്’ (Great Place to Work) പുരസ്കാരം 2025-ൽ ഉൾപ്പെടെ മൂന്ന് തവണ തലബാത് കരസ്ഥമാക്കിയിട്ടുണ്ട്. പുതിയ ബിരുദധാരികൾക്ക് അവരുടെ കരിയർ കെട്ടിപ്പടുക്കുന്നതിനൊപ്പം വിദ്യാഭ്യാസ ബാധ്യതകൾ തീർക്കാനും ഈ സുവർണ്ണാവസരം സഹായിക്കും.
മികച്ച കരിയർ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് https://careers.deliveryhero.com/talabat എന്ന ലിങ്ക് വഴി അപേക്ഷിച്ചുകൊണ്ട് തലബാത് ഖത്തറിൽ അവസരങ്ങൾ കണ്ടെത്താവുന്നതാണ്.




