സുഹൈൽ നക്ഷത്രം നാളെയുദിക്കും; ഗൾഫ് നാടുകളിൽ തണുപ്പ് വരുമെന്ന് പ്രതീക്ഷ

ഖത്തറിലും ജിസിസി രാജ്യങ്ങളിലും നാളെ മുതൽ സുഹൈൽ നക്ഷത്രം ഉദിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. കാലാവസ്ഥ ക്രമേണ മിതമാകുന്നതിന്റെയും, വേനൽക്കാറ്റിന്റെ അവസാനത്തിന്റെയും, തണുത്ത രാത്രികൾ, കുറഞ്ഞ പകലുകൾ, മഴയുടെ സാധ്യത തുടങ്ങിയ കാലാനുസൃതമായ മാറ്റത്തിന്റെയും സൂചനയായാണ് സുഹൈലിന്റെ വരവ് പരമ്പരാഗതമായി കാണപ്പെടുന്നത്.
എല്ലാ വർഷവും ഓഗസ്റ്റ് 24 ന് സുഹൈൽ ഉദിക്കുന്നത് 53 ദിവസം നീണ്ടുനിൽക്കുന്ന സുഹൈൽ സീസണിന്റെ തുടക്കമാണെന്ന്, ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ, ഖത്തർ കലണ്ടർ ഹൗസിലെ ജ്യോതിശാസ്ത്ര വിദഗ്ദ്ധനായ ഡോ. ബഷീർ മർസൂക്ക്, സ്ഥിരീകരിച്ചു.
ഡോ. മർസൂക്കിന്റെ അഭിപ്രായത്തിൽ, നാളെ പുലർച്ചെ മുതൽ തെക്കുകിഴക്കൻ ചക്രവാളത്തിൽ സുഹൈലിനെ ജ്യോതിശാസ്ത്രപരമായി നിരീക്ഷിക്കാൻ കഴിയും. എന്നിരുന്നാലും, നഗ്നനേത്രങ്ങൾക്ക്, സെപ്റ്റംബർ ആദ്യ ആഴ്ചയിൽ നക്ഷത്രം വ്യക്തമായി ദൃശ്യമാകും.
കരീന നക്ഷത്രസമൂഹത്തിലെ (മുമ്പ് ആർഗോ നാവിസിന്റെ ഭാഗമായിരുന്നു) ഒരു വെളുത്ത ഭീമൻ നക്ഷത്രമാണ് സുഹൈൽ. സിറിയസിന് ശേഷം രാത്രി ആകാശത്തിലെ ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണിത്. ഭൂമിയിൽ നിന്ന് ഏകദേശം 310 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
അറബ് പാരമ്പര്യത്തിൽ, തെക്കൻ ആകാശത്ത് പ്രത്യക്ഷപ്പെടുന്നതിനാൽ ഇതിനെ സുഹൈൽ അൽ-യമാനി എന്നും വിളിക്കുന്നു.
അറേബ്യൻ ഉപദ്വീപിലുടനീളം നൂറ്റാണ്ടുകളായി സാംസ്കാരികവും കാലാവസ്ഥാപരവുമായ പ്രാധാന്യം സുഹൈലിന്റെ ഉദയത്തിന് ഉണ്ട്. അതിന്റെ രഉദയം താപത്തിന്റെ ലഘൂകരണത്തെ സൂചിപ്പിക്കുക മാത്രമല്ല, മഴയ്ക്കുള്ള പ്രതീക്ഷ പുതുക്കുകയും ചെയ്യുന്നു.