സുഡാൻ സൈനിക മേധാവി അമീറുമായി കൂടിക്കാഴ്ച നടത്തി
സുഡാൻ സൈനിക മേധാവി അബ്ദുൽ ഫത്താഹ് അൽ ബുർഹാൻ ഖത്തർ അമീർ ഷെയ്ഖ് തമീമുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഈജിപ്ത്, ദക്ഷിണ സുഡാൻ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം ഏപ്രിലിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള തന്റെ മൂന്നാമത്തെ വിദേശ പര്യടനത്തിലാണ് സൈനിക മേധാവി അമീറിനെ കാണുന്നത്.
അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സുമായി (RSF) പോരാടുന്ന അൽ-ബുർഹാൻ, കാർട്ടൂമിലെ സൈനിക ആസ്ഥാനത്ത് മാസങ്ങളോളം ഉപരോധത്തിൽ കഴിയുകയും ഓഗസ്റ്റ് അവസാനം വരെ സംഘർഷബാധിത സുഡാനിൽ തുടരുകയും ചെയ്തിരുന്നു.
ആർഎസ്എഫിനെതിരെ പ്രാദേശിക പിന്തുണയും തന്റെ ഭരണത്തിന് നിയമസാധുതയും ഉറപ്പാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് കരുതപ്പെടുന്നു.
വ്യാഴാഴ്ച അൽ ബുർഹാന് റെഡ് കാർപ്പറ്റ് സ്വീകരണമാണ് ദോഹയിൽ ലഭിച്ചത്. സുഡാൻ സൈന്യം പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, സൈനിക നേതാവ് ദോഹയിൽ എത്തുമ്പോൾ നിരവധി ഖത്തർ ഉദ്യോഗസ്ഥർ അദ്ദേഹത്തെ എയർപോർട്ട് ടാർമാക്കിൽ സ്വാഗതം ചെയ്യുന്നത് കാണാം.
സുഡാൻ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും വെല്ലുവിളികളും അൽ-ബുർഹാൻ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി ചർച്ച ചെയ്തതായി എമിരി ദിവാനിൽ നിന്നുള്ള പ്രസ്താവനയിൽ പറഞ്ഞു.
സുഡാനിലെ എല്ലാ രാഷ്ട്രീയ ശക്തികളും തമ്മിലുള്ള വിശാലമായ സമാധാന ചർച്ചകൾക്കും പോരാട്ടത്തിന് ശാശ്വതമായ അന്ത്യത്തിനും ശൈഖ് തമീം തന്റെ ആഹ്വാനം ആവർത്തിച്ചതായും പ്രസ്താവന വിശദമാക്കി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/GL0brn15zegKjFFe4TTxoX