ദോഹ: കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയും റിയാദ മെഡിക്കല്‍ സെന്ററും സംയുക്തമായി കിഡ്‌നി സംബന്ധമായ രോഗ നിര്‍ണയ കാംപയിനു തുടക്കം കുറിച്ചു. വൃക്ക രോഗങ്ങളെ ഫലപ്രദമായി തടയുന്നതിനായി കെ എം സി സി കോഴിക്കോട് ജില്ലാ കമ്മറ്റി ആരോഗ്യകാര്യ വിഭാഗം രൂപീകരിച്ച സംവിധാനമാണ് സീക്. (Screening and Early Evaluation of Kidney Disease).
കാംപയിന്റെ ഭാഗമായി വൃക്ക രോഗനിര്‍ണയം റിയാദ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ അംഗങ്ങള്‍ക്കിടയില്‍ നടത്തിവരുകയാണ്. പ്രസ്തുത പദ്ധതിയുടെ ഔദ്യോഗികമായ ഉദ്ഘാടനം റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ കലാം കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി ടി കുഞ്ഞഹമ്മദ് എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു. ‘ജനോപകാരപ്രദമായ രീതിയില്‍ ആരോഗ്യ പരിപാലനം സാധാരണക്കാരായ പ്രവാസികള്‍ക്കു സാധ്യമാക്കുന്ന പദ്ധതികളുമായി സഹകരിക്കുകയെന്നത് റിയാദ മെഡിക്കല്‍ സെന്ററിന്റെ പ്രാഥമിക ലക്ഷ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ പറഞ്ഞു.
കോഴിക്കോട് ജില്ലാ കെ എം സി സിയുടെ ഇത്തരം ആരോഗ്യബോധവല്‍ക്കരണ പദ്ധതികളുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ കലാം പറഞ്ഞു.
കെഎംസിസി ഹെല്‍ത്ത് വിങ് ചെയര്‍മാന്‍ ഡോ.ഷഫീഖ് താപ്പി, സീക് ഡയറക്ടര്‍ ഡോ. നവാസ് കിഴക്കേതില്‍, ചീഫ് കോഡിനേറ്റര്‍ നിസാര്‍ ചെറുവത്ത്, അതിഖ് റഹ്‌മാന്‍, അജ്മല്‍ ടി കെ, അഷ്‌റഫ് വി കെ തുടങ്ങിയവര്‍ സംസാരിച്ചു.
പദ്ധതിയുടെ ഭാഗമായി രോഗനിര്‍ണയം ആവശ്യമായി വന്ന അംഗങ്ങൾക്ക് റിയാദ മെഡിക്കൽ സെന്ററിൽ തികച്ചും സൗജന്യമായ പരിശോധനകൾ നടത്തുന്നതിനുള്ള സംവിധാനം ഒരുക്കി.
ആരോഗ്യമേഖലയില്‍ റിയാദ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു കൊണ്ടുള്ള പദ്ധതി സാധാരണക്കാരായ പ്രവാസികള്‍ക്ക് വലിയ ഉപകാരമാണ് ചെയ്യുന്നതെന്ന് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD