ഖത്തറിൽ വിദ്യാർത്ഥി പ്രവേശന നടപടികൾ ലളിതമാക്കി; പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു

ദോഹ: രാജ്യത്തെ സ്കൂൾ പ്രവേശന നടപടികൾ കൂടുതൽ ലളിതമാക്കുന്നതിനും സുതാര്യമാക്കുന്നതിനുമായി പുതിയ പരിഷ്കാരങ്ങൾ അവതരിപ്പിച്ച് ഖത്തർ വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം. രേഖകൾ സമർപ്പിക്കുന്നതിലെ നിബന്ധനകളിൽ ഇളവ് വരുത്തിയും ചില വിഭാഗം വിദ്യാർത്ഥികൾക്ക് പ്രവേശന നടപടികൾ എളുപ്പമാക്കിയുമാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. രാജ്യത്തെ സ്കൂൾ പ്രിൻസിപ്പൽമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത വാർത്താ സമ്മേളനത്തിലാണ് മന്ത്രാലയം ഇക്കാര്യങ്ങൾ അറിയിച്ചത്.
സന്ദർശക വിസയിൽ എത്തുന്നവർക്കും പ്രവേശനം
പുതിയ നടപടിക്രമങ്ങൾ അനുസരിച്ച് സന്ദർശക വിസയിൽ ഖത്തറിലെത്തുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ പ്രവേശനത്തിനായി റെസിഡൻസി നടപടികൾ പൂർത്തിയാക്കാൻ രണ്ട് മാസത്തെ സമയം അനുവദിക്കും. ആവശ്യമെങ്കിൽ രണ്ട് മാസം കൂടി ഈ കാലാവധി നീട്ടി നൽകാനും വ്യവസ്ഥയുണ്ട്. പുതുതായി എത്തുന്ന വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
പ്രായപരിധിയിലും സാക്ഷ്യപ്പെടുത്തലിലും ഇളവുകൾ
നിശ്ചിത പ്രായപരിധിയിൽ വരാത്ത വിദ്യാർത്ഥികൾക്ക്, അവർ സ്കൂൾ പ്രവേശന പരീക്ഷയിൽ വിജയിക്കുകയും ഏറ്റവും പുതിയ അക്കാദമിക് സർട്ടിഫിക്കറ്റുകൾ ഹാജരാക്കുകയും ചെയ്താൽ പ്രവേശനം നൽകുന്ന കാര്യം പരിഗണിക്കും. കൂടാതെ, വിദേശകാര്യ മന്ത്രാലയത്തിന്റെ സാക്ഷ്യപ്പെടുത്തലുകൾ (Attestation) ഇല്ലാതെ എത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് അത്തരം നടപടികൾ പൂർത്തിയാക്കാൻ രണ്ട് മാസത്തെ ഗ്രേസ് പിരീഡ് അനുവദിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ആശ്വാസം
രാജ്യത്തെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും പഠന വൈകല്യങ്ങൾ നേരിടുന്ന കുട്ടികൾക്കും സ്കൂൾ പ്രവേശനത്തിനുള്ള പരമാവധി പ്രായപരിധി മന്ത്രാലയം ഉയർത്തിയിട്ടുണ്ട്. കൂടുതൽ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. മന്ത്രാലയത്തിന്റെ പുതിയ പരിഷ്കാരങ്ങൾ പ്രവാസി കുടുംബങ്ങൾക്കും പുതുതായി രാജ്യത്തെത്തുന്നവർക്കും വലിയ ആശ്വാസമാകും.




