ഖത്തർ അമീറും സൗദി പ്രതിരോധ മന്ത്രിയും ദോഹയിൽ കൂടിക്കാഴ്ച നടത്തി

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനുമായി ബുധനാഴ്ച ദോഹയിൽ കൂടിക്കാഴ്ച നടത്തി. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശപ്രകാരം ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയതായിരുന്നു സൗദി പ്രതിരോധ മന്ത്രി.
ദോഹയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധത്തെക്കുറിച്ചും ഈ ബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സമാധാന ശ്രമങ്ങളും കൂടാതെ പൊതുവായ താൽപ്പര്യമുള്ള വിവിധ വിഷയങ്ങളും സംസാരവിഷയമായി. സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും ആശംസകൾ ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ അമീറിനെ അറിയിക്കുകയും ഖത്തറിലെ ജനങ്ങളുടെ പുരോഗതിക്കും ക്ഷേമത്തിനും ആശംസകൾ നേരുകയും ചെയ്തു.
മറുപടിയായി ഖത്തർ അമീർ സൗദി ഭരണാധികാരികൾക്കും ജനങ്ങൾക്കും തന്റെ ആശംസകൾ കൈമാറുകയും സൗദി അറേബ്യയുടെ ഐശ്വര്യത്തിനും ആരോഗ്യത്തിനും വേണ്ടിയുള്ള പ്രാർത്ഥനകൾ പങ്കുവെക്കുകയും ചെയ്തു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽതാനി, വിവിധ ഖത്തറി മന്ത്രിമാർ, സൗദി പ്രതിരോധ മന്ത്രിയെ അനുഗമിച്ച ഉന്നതതല സംഘം എന്നിവരും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.




