ഖത്തറിന്റെ ക്വാളിറ്റി മാർക്ക് നേടുന്ന ആദ്യ കുടിവെള്ള ഉത്പാദകരായി സഫ ഇന്റർനാഷണൽ
ദോഹ: ഖത്തറിലെ പ്രമുഖ കുടിവെള്ള ഉത്പാദക വിതരണ കമ്പനിയായ സഫ വാട്ടറിന് ഭക്ഷ്യഗുണമേന്മക്കുള്ള ഖത്തർ ക്വാളിറ്റി മാർക്ക് സർട്ടിഫിക്കറ്റ്. ഖത്തറിൽ ഒരു കമ്പനിയുടെ ഗുണനിലവാരസൂചികയുമായി ബന്ധപ്പെട്ട ഏറ്റവും ഉയർന്ന അംഗീകാരമാണ് ക്വാളിറ്റി മാർക്ക്. പ്രസ്തുത അംഗീകാരം ലഭിക്കുന്ന രാജ്യത്തെ ആദ്യ 5 ഗാലണ് കുടിവെള്ള ഉത്പാദകർ എന്ന നേട്ടം കൂടി ഇനി സഫ ഇൻറർനാഷണലിന് സ്വന്തമാണ്.
ഖത്തർ ജനറൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേഡൈസേഷൻ ആൻഡ് മെട്രോളജി (ക്യു.ജി.ഒ.എസ്.എം) ചെയർമാൻ മുഹമ്മദ് ബിൻ സൗദ് അൽ മുസല്ലമിൽ നിന്ന് സഫ വാട്ടറിന് വേണ്ടി ചെയർമാൻ മുഹമ്മദ് അഷ്റഫ് ക്വാളിറ്റി മാർക്ക് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഈ രീതിയിലുള്ള സർട്ടിഫിക്കേഷനിലൂടെ ദേശീയ ഉൽപന്നങ്ങളുട ഗുണനിലവാരം ആഗോളതലത്തിൽ വിലയിരുത്തുകയും വർദ്ധിപ്പിക്കുകയുമാണ് ഖത്തർ സർക്കാർ ലക്ഷ്യമിടുന്നത്. ഖത്തറിൻറ ഗുണനിലവാര മാനദണ്ഡങ്ങളിലും അവയുടെ പരിപാലനത്തിലും മികച്ച നിലവാരം നിലനിർത്താനായതാണ് സഫ വാട്ടറിന് ബോട്ടിൽഡ് കുടിവെള്ള മേഖലയിലെ പ്രഥമ അംഗീകാര ജേതാക്കളിലേക്ക് വഴിയൊരുക്കിയത്.
ഖത്തറിലെവിടെയും ഉന്നതഗുണനിലവാരമുള്ള ശുദ്ധമായ കുടിവെള്ളം എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഉപഭോക്താക്കളുടെ തൃപ്തി കണക്കിലെടുത്താണ് പ്രവർത്തിക്കുന്നതെന്നും ചെയർമാൻ മുഹമ്മദ് അഷ്റഫ് വ്യക്തമാക്കി. ഗുണനിലവാരം കാത്തുസൂക്ഷിക്കുക എന്നത് കമ്പനിയുടെ നയവും മൂല്യവുമായി പിന്തുടരുന്നത് കൊണ്ട് തന്നെ കമ്പനി വളരുന്നതിനൊപ്പം ഉപഭോക്താക്കളുടെ അംഗീകാരവും ലഭിക്കുന്നതായി പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.