വാണിജ്യം, വ്യവസായം, ബിസിനസ് വികസനം, ഉപഭോക്തൃ സംരക്ഷണ മേഖലകൾ എന്നിവയ്ക്ക് നൽകുന്ന സേവനങ്ങളുടെ ഫീസ് കുറയ്ക്കാനുള്ള വാണിജ്യ-വ്യവസായ മന്ത്രാലയത്തിൻ്റെ (MoCI) തീരുമാനത്തിന് ഖത്തറിലെ വാണിജ്യ സമൂഹത്തിനിടയിൽ വ്യാപക പ്രശംസ.
ഇന്നലെ (ജൂലൈ 11) പ്രാബല്യത്തിൽ വന്ന ഈ തീരുമാനം, രാജ്യത്തെ ബിസിനസ് വളർച്ചയെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, സാമ്പത്തിക പരിമിതിക്കിടയിലും മികച്ച ആശയങ്ങളുള്ള പലരെയും ബിസിനസ് ലോകത്തേക്ക് ഇറങ്ങാനും ഖത്തറിൻ്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നൽകിക്കൊണ്ട് ബിസിനസ്സ് അന്തരീക്ഷം വികസിപ്പിക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വാണിജ്യ-വ്യവസായ മന്ത്രി (MoCI), എച്ച് ഇ ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം അൽ താനി, മന്ത്രാലയം നൽകുന്ന സേവനങ്ങൾക്കുള്ള ഫീസ് കുറച്ചുകൊണ്ട് 2024 വർഷത്തേക്കുള്ള മന്ത്രിതല തീരുമാനം നമ്പർ 60 കഴിഞ്ഞ മാസമാണ് പുറപ്പെടുവിച്ചു. ചില സേവനങ്ങൾക്ക് 90% വരെയാണ് ഫീസ് ഇളവ് പ്രഖ്യാപിച്ചത്.
രാജ്യത്തെ സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുക, ദേശീയ, വിദേശ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, നിക്ഷേപത്തിന് ആകർഷകമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് മന്ത്രിതല തീരുമാനം ലക്ഷ്യമിടുന്നത്.
പുതിയ തീരുമാനത്തോടെ, ഒരു പ്രധാന ആക്ടിവിറ്റിക്ക് വാണിജ്യ രജിസ്റ്ററിൽ രജിസ്ട്രേഷനുള്ള വാർഷിക ഫീസ് 10,000 QR-ൽ നിന്ന് QR500 ആയി മാറി. ഇങ്ങനെയുള്ള രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള വാർഷിക ഫീസും QR10,000 ൽ നിന്ന് QR500 ആക്കി മാറ്റി.
സമാനമായ വാണിജ്യ, വ്യാവസായിക, പൊതു സ്ഥലങ്ങൾക്കോ അതിൻ്റെ ഒരു ശാഖയ്‌ക്കോ ലൈസൻസ് നൽകുന്നതിനുള്ള വാർഷിക ഫീസ് 10,000 QR-ൽ നിന്ന് QR500 ആക്കി മാറ്റി. ലൈസൻസ് പുതുക്കുന്നതിനുള്ള വാർഷിക ഫീസും 10,000 QR-ൽ നിന്ന് QR500 ആയി മാറ്റി.
അതേസമയം ഗൃഹാധിഷ്ഠിത ബിസിനസ്സ് പ്രവർത്തനങ്ങൾക്ക് ലൈസൻസ് നൽകുന്നതിനുള്ള വാർഷിക ഫീസ് QR1000-ൽ നിന്ന് QR500 ആക്കി മാറ്റിയിട്ടുണ്ട്. ഇവയുടെ ലൈസൻസ് പുതുക്കുന്നതിനുള്ള വാർഷിക ഫീസും 10,000 QR-ൽ നിന്ന് QR500 ആക്കി മാറ്റി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5