ഫെബ്രുവരി 12 ന് ഖത്തർ കോടതി വിട്ടയച്ച ഇന്ത്യൻ മുൻ നാവികസേനാംഗങ്ങളിൽ ഏഴ് പേർ തിരിച്ചെത്തിയെങ്കിലും എട്ടാമൻ കമാൻഡർ പൂർണേന്ദു തിവാരിയുടെ തിരിച്ചുവരവിൽ അനിശ്ചിതത്വം തുടരുന്നു. ദോഹയിലെ 16 മാസത്തെ ജയിൽവാസത്തിന് ശേഷം ഏഴ് വിമുക്തഭടന്മാർ ഡൽഹിയിലേക്ക് മടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. ഖത്തറിൽ വധശിക്ഷ പ്രഖ്യാപിക്കപ്പെട്ടിരുന്ന ഇവരുടെ തിരിച്ചുവരവ് ഒരു നയതന്ത്ര വിജയമായി കണക്കാക്കപ്പെട്ടിരുന്നു.
എന്നാൽ കമാൻഡർ തിവാരി തിരിച്ചു വരാത്തതിന് കാരണം ഇദ്ദേഹത്തിന്റെ പേരിലുള്ള മറ്റൊരു യാത്രാവിലക്ക് ആണെന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മറ്റു എഴുപേരോടൊപ്പം തന്നെ വിട്ടയച്ച ഇദ്ദേഹത്തെ ദോഹയിലെ വീട്ടിലേക്ക് മടങ്ങാൻ അനുവദിച്ചിരുന്നു. എന്നാൽ യാത്രാ വിലക്ക് കാരണം ഇവിടെ തന്നെ താമസിക്കേണ്ടിവരികയാണ് എന്നാണ് റിപ്പോർട്ട്.
ഇത് ഖത്തർ കോടതികളിൽ നിന്ന് ക്ലിയറൻസ് ആവശ്യമുള്ള അധിക പ്രശ്‌നത്തിന് വേണ്ടിയാണെന്ന് പറയപ്പെടുന്നു.
“എട്ട് നാവിക സൈനികരെ ഒരു മാസം മുമ്പ് ഖത്തർ ആഭ്യന്തര മന്ത്രാലയം വിട്ടയച്ചിരുന്നു. ഇതിൽ ഏഴ് പേർ ഇന്ത്യയിലേക്ക് മടങ്ങി. എട്ടാമത്തെ ഇന്ത്യൻ പൗരന് ചില ആവശ്യകതകൾ നിറവേറ്റാനുണ്ട്. അവ പൂർത്തിയാകുമ്പോൾ അദ്ദേഹം മടങ്ങിവരും,” വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5