ഖത്തറിൽ റമദാൻ മാസപ്പിറവി കണ്ടു; വ്രതശുദ്ധിയുടെ നാളുകൾക്ക് നാളെ തുടക്കം

ദോഹ: ഖത്തറിൽ നാളെ (2026 ഫെബ്രുവരി 18, ബുധൻ) വിശുദ്ധ റമദാൻ മാസത്തിലെ ആദ്യ ദിനമായിരിക്കുമെന്ന് ഔഖാഫ് – ഇസ്ലാമിക് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള മാസപ്പിറവി നിർണ്ണയ സമിതി പ്രഖ്യാപിച്ചു. ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം മാസപ്പിറവി ദർശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
ഇതോടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിശ്വാസികൾക്കൊപ്പം ഖത്തറിലെ പ്രവാസികളും സ്വദേശികളും നാളെ മുതൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന വ്രതാനുഷ്ഠാനങ്ങളിലേക്ക് കടക്കും. വ്രതം ആരംഭിക്കുന്ന സാഹചര്യത്തിൽ ഖത്തറിലെ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി രാജ്യത്തെ ജനങ്ങൾക്കും ഇസ്ലാമിക രാഷ്ട്രങ്ങൾക്കും റമദാൻ ആശംസകൾ നേർന്നു.
റമദാൻ മാസപ്പിറവി പ്രഖ്യാപനം വന്നതോടെ രാജ്യത്തെ പള്ളികളിൽ ഇന്ന് രാത്രി മുതൽ തറാവീഹ് നമസ്കാരം ആരംഭിക്കും. റമദാനോടനുബന്ധിച്ച് സർക്കാർ-സ്വകാര്യ മേഖലകളിലെ പ്രവൃത്തി സമയത്തിലും സ്കൂൾ സമയക്രമത്തിലും മാറ്റങ്ങൾ വരുത്തിയതായി നേരത്തെ അധികൃതർ അറിയിച്ചിരുന്നു.




