ദോഹ: റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശക വിസയിൽ ഖത്തറിലെത്തുന്ന യാത്രക്കാർക്ക് 10 ദിവസ നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ വേണമെന്ന രീതിയിൽ ഇഹ്തിറാസ് പോർട്ടലിൽ രെജിസ്റ്റർ ചെയ്യുമ്പോൾ പലർക്കും ലഭിച്ച ഇമെയിൽ സന്ദേശം സാങ്കേതികപ്പിഴവ് ആകാൻ സാധ്യത. ഇന്നലെ മുതൽ രെജിസ്റ്റർ ചെയ്ത പലർക്കും ക്വാറന്റീൻ ആവശ്യപ്പെട്ടു കൊണ്ടുള്ള ഇമെയിൽ സന്ദേശം ലഭിച്ചതോടെയാണ് സമൂഹ മാധ്യമങ്ങളിൽ ആശങ്ക പടർന്നത്. ഇഹ്തിറാസ് ഹെൽപ്ലൈനിൽ വിളിച്ചപ്പോൾ മെയിലിൽ കാണിക്കുന്നത് എന്താണോ അത് തുടരാൻ ആയിരുന്നു നിർദ്ദേശം. ട്രാവൽ ഏജൻസി വൃത്തങ്ങൾക്കും വ്യക്തത ഉണ്ടായിരുന്നില്ല. എന്നാൽ ക്വാറന്റീൻ നിർദ്ദേശമുണ്ടായിട്ടും, ബുക്കിംഗ് ഇല്ലാതെ തന്നെ യാത്ര അപ്പ്രൂവൽ ലഭിക്കുകയും തടസ്സമില്ലാതെ ഖത്തറിലെത്താൻ ചില യാത്രക്കാർക്ക് സാധ്യമാവുകയും ചെയ്തു. ഇതിനെത്തുടർന്ന് പിന്നീട് വീണ്ടും രെജിസ്റ്റർ ചെയ്ത പലർക്കും ക്വാറന്റീൻ നിബന്ധന ആവശ്യപ്പടാത്ത കൺഫർമേഷൻ ഇമെയിൽ സന്ദേശങ്ങൾ തന്നെയാണ് ലഭിച്ചതെന്ന് റിപ്പോർട്ട്.
അതേ സമയം ഔദ്യോഗിക വിശദീകരണം ഇപ്പോഴും അകലെയാണ്. ഖത്തറിൽ ഈദ് അവധിയായതിനാൽ ആരോഗ്യമന്ത്രാലയം ഉൾപ്പെടെയുള്ളവ പൂർണമായ തലത്തിൽ പ്രവർത്തിക്കുന്നില്ല എന്നതും വിശദീകരണം വൈകാൻ ഇടയാക്കുന്നതായി കരുതുന്നു. ക്വാറന്റീൻ പോളിസി മാറ്റി എന്ന രീതിയിൽ പ്രചരിക്കുന്ന എല്ലാ വാർത്തകളും വ്യാജമാണെന്ന് ഇന്ത്യൻ എംബസ്സി ട്വിറ്റർ പേജിൽ അറിയിച്ചിട്ടുണ്ട്.