വാരാന്ത്യത്തില്‍ ഖത്തറിൽ കടൽക്ഷോഭം, പൊടിക്കാറ്റ്; കടൽജോലികൾ നിർത്തണം
വാരാന്ത്യത്തില്‍ ഖത്തറിൽ ശക്തമായ പൊടിക്കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്. അടുത്ത രണ്ട് ദിവസം ശക്തമായ വടക്കു പടിഞ്ഞാറന്‍ കാറ്റ് വീശിയേക്കുമെന്നതിനാൽ എല്ലാ തരത്തിലുള്ള കടല്‍ വിനോദങ്ങളും ഒഴിവാക്കണമെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകി. തിരമാലകള്‍ ചില മേഖലകളിൽ ഒമ്പത് അടി വരെ ഉയർന്നേക്കും.
ഈ ദിവസങ്ങളില്‍ നീന്തല്‍, ബോട്ട് ട്രിപ്പുകള്‍, സ്‌കൂബ ഡൈവിങ്, ഫ്രീ ഡൈവിങ്, സര്‍ഫിങ്, ഫിഷിങ് ടൂറുകള്‍, വിന്‍ഡ് സര്‍ഫിങ് തുടങ്ങിയവയെല്ലാം ഒഴിവാക്കണമെന്നാണ് ക്യുഎംഡിയുടെ നിർദ്ദേശം.
വെള്ളി, ശനി ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ കാറ്റ് 28 മൈൽ വരെ വേഗത പ്രാപിക്കും. പകല്‍ സമയങ്ങളില്‍ ശക്തമായ ചൂടും തുടർന്ന് പൊടിക്കാറ്റും രൂപപ്പെടും. അന്തരീക്ഷ താപനില 31 ഡിഗ്രി മുതല്‍ 41 ഡിഗ്രി പരിധി വരെ ആയിരിക്കും. ദൃശ്യപരിധി 2 കിലോമീറ്ററിലും കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹന യാത്രക്കാര്‍ ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പുണ്ട്.