ഖത്തറിൽ ശരത്കാലത്തിനു തുടക്കം, ഈ മാസം മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
ഖത്തറിൽ ഒരു പുതിയ സീസണിനു തുടക്കം കുറിക്കുന്ന ശരത്കാലം ഇന്നലെ മുതൽ ആരംഭിച്ചു. വേനൽക്കാലത്തു നിന്നും ശൈത്യകാലത്തേക്ക് കാലാവസ്ഥ മാറുന്ന മാസമാണ് സെപ്‌തംബർ. ഈ സമയത്ത് താപനില കുറയുകയും ഹ്യൂമിഡിറ്റി വർധിക്കുകയും ചെയ്യും.
ഖത്തർ കാലാവസ്ഥാ വകുപ്പ് ഏറ്റവും പുതിയ റിപ്പോർട്ടിൽ ഈ മാസം ചെറിയ രീതിയിൽ മഴയുണ്ടാകുമെന്നും മേഘങ്ങൾ വർദ്ധിക്കുകയും ചെയ്യുമെന്ന് വ്യക്തമാക്കി. പ്രധാനമായും ഉച്ച തിരിഞ്ഞുള്ള സമയങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പ്രതീക്ഷിക്കാം.
കാറ്റ് കൂടുതലും മിതമായ വേഗതയിൽ കിഴക്കു നിന്ന് ആയിരിക്കും വീശുക. ഈ മാസം, പ്രതിദിന ശരാശരി താപനില 33.1 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് കഴിഞ്ഞ മാസത്തേക്കാൾ കുറവാണ്.
സെപ്റ്റംബറിൽ, ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ താപനില 1964 ലെ 20.3 ഡിഗ്രി സെൽഷ്യസായിരുന്നു. ഏറ്റവും ഉയർന്ന താപനില 2001ൽ രേഖപ്പെടുത്തിയ 46.2 ഡിഗ്രി സെൽഷ്യസായിരുന്നു.