മിൻസയുടെ മാതാപിതാക്കളെ വീട്ടിലെത്തി ആശ്വസിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി
സ്‌കൂൾ ബസിൽ കുടുങ്ങി ദാരുണമായി മരണപ്പെട്ട നാല് വയസുകാരി മിൻസ മറിയം ജേക്കബിന്റെ മാതാപിതാക്കളായ അഭിലാഷ് ചാക്കോയെയും സൗമ്യയെയും ഖത്തർ വിദ്യാഭ്യാസ മന്ത്രി ബുതൈന അൽ-നുഐമി തിങ്കളാഴ്ച സന്ദർശിച്ചു.
ഇരുവരേയും ആശ്വസിപ്പിച്ച മന്ത്രി രാജ്യത്തിന്റെ അനുശോചനം രേഖപ്പെടുത്തി. ദാരുണ സംഭവം നടന്ന് മണിക്കൂറുകൾ പിന്നിടവേയാണ് മന്ത്രിയുടെ സന്ദർശനം.
ചിത്രകല, ഡിസൈനിംഗ് മേഖലയിൽ ജോലി ചെയ്യുന്ന കോട്ടയം ചിങ്ങവനം സ്വദേശിയായ അഭിലാഷ് ചാക്കോ കുടുംബത്തോടൊപ്പം ഏറെക്കാലമായി ഖത്തറിലാണ്. നിലവിൽ ലോകകപ്പുമായി ബന്ധപ്പെട്ട ജോലിയിലായിരുന്നു.
അതേസമയം, സംഭവത്തിൽ മന്ത്രാലയം പ്രഖ്യാപിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ഡ്രൈവർ ഒഴികെ എത്ര സൂപ്പർവൈസർമാരോ ജീവനക്കാരോ വിദ്യാർത്ഥികളോടൊപ്പം യാത്ര ചെയ്തിട്ടുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നിരുന്നാലും, ഉച്ചയോടെ 40 ഡിഗ്രി സെൽഷ്യസിനു മുകളിലെത്തുന്ന പകൽ ചൂടിൽ ബസ് തുറന്ന സ്ഥലത്ത് നിർത്തിയിരിക്കുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ബസ്സിൽ കുട്ടി ഉറങ്ങിപ്പോയെന്നും രാവിലെ 7:30 ന് വിദ്യാർത്ഥി മറ്റുള്ളവരോടൊപ്പം ഇറങ്ങാതിരുന്നത് ബസ് ജീവനക്കാർ ശ്രദ്ധിച്ചില്ലെന്നുമാണ് പ്രാഥമിക വിവരം. രാവിലെ 11.30 ന് ഡ്യൂട്ടി പുനരാരംഭിക്കാൻ ബസിൽ തിരിച്ചെത്തിയപ്പോഴാണ് ജീവനക്കാർ കുട്ടിയെ ശ്രദ്ധിച്ചത്. ഉടൻ അൽ വക്ര ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ജീവനക്കാരുടെ അറസ്റ്റ് വാർത്തകൾ ഉണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.
അതേസമയം, ദാരുണമായ മരണത്തെക്കുറിച്ചുള്ള വാർത്ത ഖത്തർ ഓൺലൈനിൽ കനത്ത രോഷത്തിന് കാരണമായി. പലരും അടിയന്തിര നടപടിക്കും ശിക്ഷകൾക്കും ആഹ്വാനം ചെയ്തു.