2700 സ്റ്റോപ്പുകൾ, 25 ശതമാനവും ഇലക്ട്രിക് ബസ്സുകൾ; ഖത്തറിന്റെ പൊതുഗതാഗതം മാറുന്നു.
ഖത്തറിന്റെ ഗതാഗത സംവിധാനം പൂർണ്ണമായും പരിസ്ഥിതിസൗഹൃദമായി മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. രാജ്യത്ത് 2022 ഓടെ ബസ് സ്റ്റോപ്പുകളുടെ എണ്ണം 2700 ആകും. 1,100 ബസുകളാണ് ഫിഫ ലോകകപ്പിനായി 2022 ൽ നിരത്തിലിറങ്ങുക. ഇതേ വർഷത്തോടെ ആകെ ബസ്സുകളുടെ 25% വും ഇലക്ട്രിക് ബസ്സുകളാവും.
വൈദ്യുതി-വാട്ടർ വകുപ്പായ കഹ്‌റാമയും പൊതുമരാമത്ത് അതോറിറ്റിയായ അഷ്‌ഗാലും ഇക്കഴിഞ്ഞ സെപ്റ്റംബർ മുതൽ തന്നെ വൈദ്യുതി വാഹന സ്ട്രാറ്റജിക്കായുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. പബ്ലിക് ബസ്സുകൾ, ഗവണ്മെന്റ് സ്‌കൂൾ ബസ്സുകൾ, ദോഹ മെട്രോ ഫീഡർ ബസ്സുകൾ തുടങ്ങിയവ ക്രമേണ വൈദ്യുതിവത്കരിക്കും. 2030 ഓടെ കാര്ബണ് എമിഷൻ വലിയ അളവിൽ കുറയ്ക്കാനുള്ള പദ്ധതിയിൽ നിർണായക നീക്കം കൂടിയാണിത്.
ഫിഫ ലോകകപ്പ് 2022 ൽ ഇലക്ട്രിക് ബസ്സുകൾക്കായി 4 പാർക്കിംഗ് ലോട്ടുകൾ നിർമിക്കുന്നതായി കഹ്‌റാമയിലെ എഫിഷ്യൻസി ഡയറക്ടർ അബ്ദുളസീസ് അഹമ്മദ് അൽ ഹമ്മദി ഏപ്രിലിൽ അറിയിച്ചിരുന്നു. 1100 ഇലക്ട്രിക് ബസ്സുകളും ഇവയ്ക്കായി 70 ചാര്ജിംഗ് സ്റ്റേഷനുകളും ലോകകപ്പിലെ കാണികൾക്ക് യാത്രാസൗകര്യത്തിനായി ഒരുങ്ങുമെന്നു ഹമ്മാദി പറഞ്ഞു. ലോകകപ്പിന് ശേഷം ഈ ബസ്സുകൾ പൊതുഗതാഗതത്തിന്റെ ഭാഗമായി ഉപയോഗിക്കും.
കഴിഞ്ഞ വർഷം നവംബറിൽ നാഷണൽ പ്രോഗ്രാം ഫോർ കണ്സര്വേഷൻ ആന്റ് എനർജി എഫിഷ്യൻസി (തർഷീദ്) നെ പ്രതിനിധീകരിച്ച് കഹ്‌റാമ ഇലക്ട്രിക് വാഹനങ്ങളുടെ ചാര്ജിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെ ഗൈഡ്ലൈൻ അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.
ഖത്തർ ഗവണ്മെന്റ് ഓഫീസ് (ജിസിഒ) ട്വിറ്ററിൽ പ്രസിദ്ധീകരിച്ച ഇന്ഫോഗ്രാഫിക്സിൽ ദോഹ മെട്രോയും ലുസൈൽ ട്രാമും വിശ്വസ്തവും പരിസ്ഥിതിസൗഹൃദവുമായ ഗതാഗത സംവിധാനങ്ങളാണെന്നു എടുത്തുകാട്ടി.