യുഎസ് – ഇറാൻ വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഖത്തർ

ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ ഖത്തർ ഔദ്യോഗികമായി സ്വാഗതം ചെയ്തു. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിലേക്കുള്ള സുപ്രധാനമായ ആദ്യ ചുവടുവെപ്പാണിതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഈ മാറ്റം അടിയന്തരമായി നടപ്പിലാക്കേണ്ടതുണ്ടെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ഈ സമാധാന കരാറിലെത്തുന്നതിനായി മധ്യസ്ഥത വഹിച്ച പാകിസ്ഥാന്റെ ശ്രമങ്ങളെ ഖത്തർ പ്രത്യേകമായി അഭിനന്ദിച്ചു. പാക് പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ്, പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീർ എന്നിവർ നടത്തിയ ക്രിയാത്മകമായ ഇടപെടലുകളെ ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ നിലനിന്നിരുന്ന കടുത്ത യുദ്ധഭീതിക്ക് ഈ പുതിയ പ്രഖ്യാപനത്തോടെ താൽക്കാലിക ആശ്വാസമായിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണം ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്ക് ഉടൻ പരിഹാരമാകുമെന്നാണ് അന്താരാഷ്ട്ര സമൂഹം പ്രതീക്ഷിക്കുന്നത്.




