ദോഹ: ഖത്തറിൽ നിശ്ചിത ശതമാനം ആളുകള്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാകുന്നതോടെ വാക്‌സിനെടുക്കാത്തവര്‍ക്കും എടുത്തവരുടെ അതേ ഇളവുകൾ ലഭ്യമാകുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ വിഭാഗം മേധാവി ഡോ. സോഹ അല്‍ ബയാത് പറഞ്ഞു.
വാക്‌സിനേഷനന്റെ ലക്ഷ്യപൂർത്തീകരണത്തിലൂടെ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സ്വീകരിക്കാത്തവര്‍ക്കും ലഭിക്കുമെന്ന് വിശദീകരിച്ച അൽ ബയാത് ഖത്തറിൽ കോവിഡ് വാക്‌സിന്‍ നിർബന്ധമല്ലെന്നും ചൂണ്ടിക്കാട്ടി. ഖത്തറില്‍ വാക്‌സിനേഷന്‍ 80-90 ശതമാനം പൂര്‍ത്തിയാക്കിയാല്‍ ജീവിതം സാധാരണ നിലയിലാവുമെന്നാണ് ഖത്തർ ആരോഗ്യമന്ത്രാലയം നിലവിൽ കണക്കാക്കുന്നത്.
വാക്‌സിനേഷനെടുത്തവരുടെ ആനുകൂല്യങ്ങള്‍ നിലവിൽ ഖത്തറിൽ 9 മാസത്തിനുള്ളിൽ കോവിഡ് വന്ന് ഭേദപ്പെട്ടവർക്കും ലഭിക്കുന്നുണ്ട്. കൂടുതല്‍ ആളുകള്‍ വാക്‌സിനെടുക്കുന്നതോടെ വൈറസിനെതിരെ പൊതുവായ പ്രതിരോധം കൈവരും. കഴിയുന്നത്രയും എല്ലാവരും വാക്‌സിനെടുക്കാന്‍ മുന്നോട്ടുവരണമെന്നും ഡോ. സോഹ അഭ്യർത്ഥിച്ചു.