ദോഹ: ഖത്തറിൽ പ്രായപൂർത്തി ജനസംഖ്യയിൽ പകുതിയിലധികം പേർക്കും കോവിഡ് വാക്സീൻ രണ്ട് ഡോസും നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചതോടെ രാജ്യത്തെ വാക്സിനേഷൻ പ്രക്രിയയിലെ സുപ്രധാന നാഴികക്കല്ല് കൂടി പിന്നിടുന്നു. ഇന്ന് പുറത്തിറക്കിയ കണക്ക് അനുസരിച്ച് 16 വയസ്സിൽ മുകളിൽ പ്രായമുള്ളവരിൽ 50.7 ശതമാനം ജനങ്ങളും വാക്സീൻ രണ്ട് ഡോസും സ്വീകരിച്ചിട്ടുണ്ട്. വാക്സീൻ സെക്കന്റ് ഡോസ് സ്വീകരിച്ചു രണ്ടാഴ്ചകൾ പിന്നിട്ടവരെ മാത്രമാണ് കണക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇത് വരെ 67.3% പേർ ഒരു ഡോസ് വാക്സീൻ എങ്കിലും സ്വീകരിച്ചിട്ടുണ്ട്. 60 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ 93.9%, 86.9% ജനങ്ങൾ യഥാക്രമം ഒന്നും രണ്ടും വാക്സീനുകൾ സ്വീകരിച്ചിട്ടുണ്ട്.
ഇത് വരെ 2,716,670 ഡോസ് വാക്സിനുകളാണ് ഖത്തറിൽ നൽകപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിൽ 15,728 ഡോസ് നൽകി.
പ്രതിരോധശേഷി നേടിയ ജനവിഭാഗം പകുതിയിലധികം പിന്നിടുന്നതോടൊപ്പം അവർക്കുള്ള ആദ്യഘട്ട ഇളവുകളും ആയപ്പോൾ ഖത്തറിൽ ജനജീവിതം ദ്രുതഗതിയിൽ സാധാരണനിലയിലേക്ക് എത്തുകയാണ്.