ഇന്ന് മുതൽ ഖത്തറിൽ പട്രോളിംഗ് അധികരിപ്പിക്കുമെന്നു ട്രാഫിക്ക് വകുപ്പ്
ഖത്തറിൽ ഇന്ന് മുതൽ പുതിയ അധ്യയന വർഷം ആരംഭിക്കവേ, ട്രാഫിക്ക് കുരുക്കുകൾ വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പട്രോളിംഗ് കൂടുതൽ ശക്തമാകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് ബോധവൽക്കരണ വിഭാഗം ഡയറക്ടർ കേണൽ മുഹമ്മദ് റാദി അൽ ഹജ്‌രി അറിയിച്ചു.
രാജ്യത്തെ പ്രധാനകവലകളിലും റൗണ്ടബൗട്ടുകളിലും രാവിലെയുള്ള തിരക്കേറിയ മണിക്കൂറുകളിൽ കൂടുതൽ ട്രാഫിക് വാഹനങ്ങൾ നിയമിക്കും. മോട്ടോര്സൈക്കിളുകളിൽ ഉദ്യോഗസ്ഥരുടെ റോന്തു ചുറ്റൽ അധികരിപ്പിക്കും. റെസിഡൻഷ്യൽ മേഖലകളിലെ സ്‌കൂൾ പരിസരങ്ങളിൽ പ്രത്യേകിച്ചും നിരീക്ഷണം കർശനമാക്കും. കുട്ടികളുടെ സുഗമമായ യാത്ര ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
പ്രൈമറി, സെക്കൻഡറി സ്‌കൂളുകളിൽ ഈ അധ്യയന വർഷമുടനീളം ബോധവൽക്കരണ ക്ലാസുകൾ നൽകുമെന്നും അദ്ദേഹം അറിയിച്ചു. കുട്ടികളുടെ സ്കൂളിലേക്കുള്ള പോക്കുവരവുകൾക്കിടയിൽ ഉണ്ടായേക്കാവുന്ന ട്രാഫിക്ക് കുരുക്കുകൾ നിയന്ത്രിക്കാൻ സ്‌കൂൾ സെക്യൂരിറ്റി ഗാഡുമാർക്ക് ഖത്തർ ട്രാഫിക്ക് വകുപ്പ് പ്രത്യേക പരിശീലനം നൽകുകയും ചെയ്‌തിട്ടുണ്ട്. കൂടാതെ, സ്‌കൂൾ ബസ് ഡ്രൈവർമാരും സൂപ്പര്വൈസർമാരും അധ്യാപകരും രക്ഷിതാക്കളും എല്ലാം വിവിധ പരിശീലനപരിപാടികളിൽ ഭാഗമാകുന്നുണ്ട്.