ഖത്തറിലെ പൗരന്മാരോടും താമസക്കാരോടും ടൂർ ഗൈഡ് പരിശീലന കോഴ്സുകളിലേക്ക് രജിസ്റ്റർ ചെയ്യാൻ ഖത്തർ ടൂറിസം ആഹ്വാനം ചെയ്തു.
താൽപ്പര്യമുള്ളവർക്ക് ആവശ്യമായ പരിശീലനം നൽകുകയും ഖത്തറിലെ ടൂറിസം കമ്പനികളുമായി പ്രവർത്തിക്കാനും രാജ്യത്തുടനീളം ഗൈഡഡ് ടൂറുകൾ നൽകാനും ഔദ്യോഗിക ലൈസൻസ് നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.
ഈ വർഷത്തേയും പരിശീലനം, ലൈസൻസിംഗ്, പരീക്ഷകൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഫീസും ഒഴിവാക്കിയിട്ടുണ്ട്.
ഈ വർഷാവസാനം ഖത്തറിലേക്ക് സന്ദർശകരുടെ ഒഴുക്ക് പ്രതീക്ഷിക്കുന്നതായും 2030-ഓടെ പ്രതിവർഷം 6 ദശലക്ഷം സന്ദർശകരെ ആകർഷിക്കുകയെന്ന ടൂറിസം മേഖലയുടെ ദീർഘകാല വീക്ഷണം കണക്കിലെടുത്ത് ഈ മേഖലയിലെ വർദ്ധിച്ചുവരുന്ന ടൂർ ഗൈഡുകളുടെ എണ്ണത്തിൽ ചേരാൻ ഖത്തറിലെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നതായും അധികൃതർ പറഞ്ഞു.
റോളിംഗ് അടിസ്ഥാനത്തിൽ പരിശീലനം തുടരുകയാണെന്നും കഴിഞ്ഞ വർഷം ഒക്ടോബറിനു ശേഷം ലൈസൻസുള്ള ടൂർ ഗൈഡുകളുടെ എണ്ണം ഇരട്ടിയിലേറെ വർധിച്ചിട്ടുണ്ടെന്നും ഖത്തർ ടൂറിസം പറഞ്ഞു.
പ്രോഗ്രാമിലേക്ക് യോഗ്യത നേടുന്നതിന് അപേക്ഷകർ 21 വയസ്സിനു മുകളിൽ പ്രായമുള്ളവരും സാധുതയുള്ള ഖത്തർ ഐഡി കൈവശം ഉള്ളവരുമായിരിക്കണം. പരിശീലനം ഇംഗ്ലീഷിലും അറബിയിലും ലഭ്യമാണ്. കൂടാതെ വിവിധ ഭാഷാ പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികളെ അപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നു.
ടൂറിസം സേവന ദാതാക്കളുടെ നിലവാരം ഉയർത്തുന്നതിനും വിനോദസഞ്ചാര മേഖലയെ കൂടുതൽ നിയന്ത്രിക്കുന്നതിനുമായി അവതരിപ്പിക്കപ്പെട്ട നിരവധി പരിപാടികളുടെ ഭാഗമാണ് ടൂർ ഗൈഡ് പരിശീലനവും ലൈസൻസിംഗ് സംരംഭവും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/KQUGnSTIOYmG9WLSJb6RMi