ദോഹ: ഖത്തറിൽ ഒമിക്രോൺ വ്യാപനം അസാധാരണമായി ഉയർന്നതോടെ, പിസിആർ പരിശോധനക്ക് മാത്രമായി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പുതിയ ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് സെന്റർ ഇന്ന് വൈകുന്നേരം 4 മണി മുതൽ ലുസൈലിൽ പ്രവർത്തനം ആരംഭിക്കും. പുതിയ കേന്ദ്രം ഡ്രൈവ്-ത്രൂ പിസിആർ ടെസ്റ്റിന് മാത്രമുള്ളതാണ്. ഇത് ലുസൈൽ സർക്യൂട്ടിന് എതിർവശത്താണ് സ്ഥിതി ചെയ്യുന്നത്.
10-വരികളിലായി ക്രമീകരിച്ച ലുസൈൽ സെന്ററിന് പ്രതിദിനം 5,000 പേർക്ക് വരെ പരിശോധന നടത്താൻ കഴിയും. എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും.
ഇവിടെ പിസിആർ ടെസ്റ്റ് മാത്രമേ നൽകൂ, റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ലഭ്യമാകില്ല. ജനുവരി 7, നാളെ മുതൽ ഖത്തറിൽ പിസിആർ ലഭ്യമാകുന്ന ഏക പിഎച്സിസി കേന്ദ്രവും ഇതായിരിക്കും. മറ്റു 28 ആരോഗ്യകേന്ദ്രങ്ങളിൽ പിസിആർ നിർത്തും.
റാപ്പിഡ് ടെസ്റ്റുകൾ പിഎച്ച്‌സിസിയിൽ തുടർന്നും ലഭിക്കുന്നതാണ്. ഖത്തറിൽ ഇന്നലെ മുതൽ ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശപ്രകാരം, യാത്ര കഴിഞ്ഞെത്തിയവർക്കും 50 വയസ്സിൽ താഴെയുള്ളവർക്കും പിസിആർ ടെസ്റ്റ് ആവശ്യമില്ല. പകരം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് മതി.
50 വയസ്സിന് മുകളിലുള്ള കോവിഡ് ലക്ഷണങ്ങളുള്ളവർക്കും ഖത്തറിൽ നിന്ന് യാത്ര തിരിക്കേണ്ട ആവശ്യമുള്ളവർക്കും, പിസിആറിന് ഈ കേന്ദ്രം ഉപയോഗിക്കാം. പുതിയ തരംഗം അവസാനിക്കുന്നത് വരെയും ലുസൈൽ കേന്ദ്രം പ്രവർത്തിക്കും.
.