ദോഹയിലെ ഖലീഫ ഇന്റർനാഷണൽ ടെന്നീസ് & സ്ക്വാഷ് കോംപ്ലക്‌സ് പ്രശസ്ത ടെന്നീസ്, പാഡൽ ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുന്നു. അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന വേദിയിൽ ലോകത്തിലെ മുൻനിര കളിക്കാർ പങ്കെടുക്കും.
ഫെബ്രുവരി 13 മുതൽ 18 വരെ നടക്കാനിരിക്കുന്ന ഡബ്ല്യുടിഎ 500 ഇവന്റായ, ഖത്തർ ടോട്ടൽ എനർജീസ് ഓപ്പണോടെയാണ് ദോഹയിലെ ഹൈ പ്രൊഫൈൽ ആക്ഷൻ ആരംഭിക്കുന്നത്. ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യനുമായ ഇഗ സ്വിയടെക്, അടുത്തിടെ ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യനായ അരിന സബലെങ്കയും ചരിത്രത്തിലെ ഏറ്റവും ഉയർന്ന റാങ്കുള്ള ആഫ്രിക്കൻ, അറബ് ടെന്നീസ് താരം ഓൻസ് ജബീറും ഉൾപ്പെടെ ലോകത്തിലെ മികച്ച പത്ത് കളിക്കാരിൽ ഒമ്പത് പേരും ടൂർണമെന്റിൽ പങ്കെടുക്കും.
ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം, ഫെബ്രുവരി 20 മുതൽ 25 വരെ നടക്കുന്ന ഖത്തർ എക്‌സോൺ മൊബീൽ ഓപ്പണിൽ എടിപി സർക്യൂട്ടിലെ സൂപ്പർ താരങ്ങൾ അണിനിരക്കും.
ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൂർണമെന്റിന് ശേഷം ഫെബ്രുവരി 26 മുതൽ മാർച്ച് 5 വരെ “ഊരീദൂ ഖത്തർ മേജർ പ്രീമിയർ പാഡലും” നടക്കും. 2023 സീസണിലെ പ്രീമിയർ പാഡലിന്റെ ഉദ്ഘാടന പരിപാടിയാവും ഇത്.
“ഞങ്ങൾ മൂന്ന് പ്രധാന ബാക്ക്-ടു-ബാക്ക് ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിക്കും, ഇത് ഞങ്ങൾക്ക് വലിയ വെല്ലുവിളിയാണ്, പക്ഷേ ഞങ്ങളുടെ തയ്യാറെടുപ്പുകൾ കൃത്യമായ ട്രാക്കിലാണ്” ഖത്തർ ടെന്നീസ്, സ്ക്വാഷ്, ബാഡ്മിന്റൺ ഫെഡറേഷൻ (ക്യുടിഎസ്ബിഎഫ്) സെക്രട്ടറി ജനറൽ താരീഖ് സൈന പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ETZibLnOU6HDxQYluvP8Yi