ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളിൽ കിക്കോഫിന് മൂന്ന് മണിക്കൂർ മുമ്പും ഫൈനൽ വിസിലിന് ശേഷം ഒരു മണിക്കൂർ നേരത്തേക്കും ബിയർ വാങ്ങാൻ ടിക്കറ്റെടുത്ത ആരാധകരെ അനുവദിക്കുമെന്ന് റിപ്പോർട്ട്.
ടൂർണമെന്റിൽ ബിയർ വിൽക്കാൻ പ്രത്യേക അവകാശമുള്ള ഒരു പ്രധാന വേൾഡ് കപ്പ് സ്പോൺസർ കൂടിയായ ബഡ്‌വെയ്‌സർ, ഓരോ സ്റ്റേഡിയത്തിനും ചുറ്റുമുള്ള ടിക്കറ്റ് പരിധിക്കുള്ളിൽ ബിയർ വിളമ്പും, എന്നാൽ സ്റ്റേഡിയം സ്റ്റാൻഡുകളിലോ കോൺകോഴ്‌സിലോ മദ്യം ലഭ്യമാകില്ല, അടുത്ത സ്രോതസ് ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
“കിക്ക് ഓഫ് ചെയ്യുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് ഗേറ്റുകൾ തുറക്കുമ്പോൾ ബിയർ ലഭ്യമാകും. തുടർന്ന് ഫൈനൽ വിസിലിന് ശേഷം ഒരു മണിക്കൂർ വരെ സ്റ്റേഡിയം വിട്ട് പോകുമ്പോഴും ബിയർ കുടിക്കാം,” റിപ്പോർട്ട് പറഞ്ഞു.
കൂടാതെ, നവംബർ 20 ന് ആരംഭിക്കുന്ന 29 ദിവസത്തെ ടൂർണമെന്റിന്റെ എല്ലാ ദിവസവും വൈകുന്നേരം 6:30 മുതൽ പുലർച്ചെ 1:00 വരെ സെൻട്രൽ ദോഹയിലെ പ്രധാന ഫിഫ ഫാൻ സോണിന്റെ ഒരു ഭാഗത്ത് ബിയർ വിളമ്പാൻ ബഡ്‌വെയ്‌സറിന് അനുമതിയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
മുൻ ലോകകപ്പ് ടൂർണമെന്റുകളിൽ, ഫാൻ സോണുകളിൽ ദിവസം മുഴുവൻ ബിയർ വിളമ്പിയിരുന്നു.
ആരാധകർക്ക് എവിടെ, എപ്പോൾ ബിയർ വിൽക്കും എന്നതിനെക്കുറിച്ചുള്ള തീരുമാനം ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. എന്നാൽ ഒരു ബിയറിന് ഈടാക്കുന്ന വില ഇപ്പോഴും ചർച്ചയിലാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
“ടൂർണമെന്റിനായുള്ള ഞങ്ങളുടെ ആക്ടിവേഷനുകൾ മാന്യമായും പ്രാദേശിക നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഖത്തർ അധികൃതരുമായും ഫിഫയുമായും ഞങ്ങൾ ചേർന്ന് പ്രവർത്തിക്കുന്നു,” ബഡ്‌വെയ്‌സർ ബ്രൂവറിന്റെ വക്താവ് എബി ഇൻബെവ് ഒരു ഇമെയിൽ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, ഖത്തറിന്റെ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, മദ്യത്തിനെതിരായ ലോകകപ്പ് നിയന്ത്രണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഇത് വരെ പ്രതികരിച്ചില്ല.