Qatar

കടുത്ത ചൂടുള്ള ദിവസങ്ങൾക്ക് അവസാനമാകുന്നു; ഖത്തറിലെ താപനില കുറയുന്നുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്

മാസങ്ങളോളം നീണ്ടുനിന്ന കനത്ത ചൂടുള്ള കാലാവസ്ഥയ്ക്ക് ശേഷം, ഖത്തറിലുള്ളവർക്ക് ആശ്വാസം നൽകുന്നതാണ് രാജ്യത്തെ താപനിലയെ സംബന്ധിച്ചുള്ള പുതിയ വിവരങ്ങൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) പല സ്ഥലങ്ങളിലും പകൽ സമയത്തെ ഏറ്റവും കുറഞ്ഞ താപനില 28 ഡിഗ്രി സെൽഷ്യസിനും 29 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് രേഖപ്പെടുത്തുന്നത്.

രാജ്യത്ത് ഇപ്പോഴും ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും താപനിലയിൽ വന്ന ഈ മാറ്റം വളരെ പ്രധാനപ്പെട്ടതാണ്. ഹ്യൂമിഡിറ്റി ഇപ്പോഴും ഉയർന്ന നിലയിൽ തന്നെയാണ്, പ്രത്യേകിച്ച് രാത്രികളിൽ. പക്ഷേ താപനിലയിലെ കുറവ് സീസൺ പതുക്കെ മാറിക്കൊണ്ടിരിക്കുകയാണെന്ന് കാണിക്കുന്നു.

കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ഓഗസ്റ്റ് 25-ന്, അബു സമ്ര പ്രദേശത്ത് സമീപകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 26 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

ഈ മാറ്റം സുഹൈൽ നക്ഷത്രം ഉദിച്ചതുമായി ബന്ധപ്പെട്ടിരിക്കുന്നു. വളരെ ചൂടുള്ള വേനൽക്കാലത്തെ കാറ്റിന് അന്ത്യം കുറിച്ച് ദൈർഘ്യം കുറഞ്ഞ പകൽ, തണുത്ത രാത്രികൾ, മഴയുടെ സാധ്യത എന്നിവ സുഹൈൽ നക്ഷത്രം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഈ മാറ്റം സാവധാനത്തിലായതിനാൽ രാത്രികളിൽ ഹ്യൂമിഡിറ്റി അനുഭവപ്പെടുന്നത് തുടരും. എന്നാൽ ചില പ്രദേശങ്ങളിൽ പകൽ സമയത്തെ കാലാവസ്ഥ 30 ഡിഗ്രി സെൽഷ്യസിൽ കുറവാണെങ്കിൽ കടുത്ത ചൂടുള്ള വേനൽക്കാല ദിവസങ്ങൾക്ക് അന്ത്യമായെന്നു കരുതാവുന്നതാണ്.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t

Related Articles

Back to top button