കുറഞ്ഞത് ആറ് മാസം മുമ്പെങ്കിലും രണ്ടാമത്തെ കോവിഡ് വാക്സിൻ ഡോസ് സ്വീകരിച്ച എല്ലാ വ്യക്തികളും ഇപ്പോൾ COVID-19 ബൂസ്റ്റർ വാക്സിന് അർഹരാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (MOPH) അറിയിച്ചു. നേരത്തെ, രണ്ടാമത്തെ വാക്സിൻ ഡോസിനും ബൂസ്റ്റർ വാക്സിനും ഇടയിൽ എട്ട് മാസമായിരുന്നു നിർബന്ധിത ഇടവേള. ഇതാണ് 6 മാസമായി കുറച്ചത്.
വാക്‌സിന്റെ ആദ്യ രണ്ട് ഡോസുകളിൽ നിന്ന് ലഭിച്ച പ്രതിരോധശേഷി ആറുമാസത്തിനുശേഷം ക്രമേണ കുറയാൻ തുടങ്ങുന്നു എന്നതിന്റെ ക്ലിനിക്കൽ തെളിവുകൾ ലഭിച്ചതിനെത്തുടർന്നാണ് ഡോസുകൾ തമ്മിലുള്ള ദൈർഘ്യം കുറയ്ക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്ന എല്ലാ വ്യക്തികളും പ്രായം കണക്കിലെടുക്കാതെ ഇപ്പോൾ COVID-19 ബൂസ്റ്റർ വാക്സിന് അർഹരാണെന്നും, ഇവർ അപ്പോയിന്റ്മെന്റ് വൈകിപ്പിക്കരുതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
പുതിയ പ്രതിദിന COVID-19 കേസുകളുടെ എണ്ണത്തിൽ സമീപ കാലങ്ങളിൽ വർധനയുണ്ട്. മുമ്പ് വാക്സിനേഷൻ എടുത്ത ആളുകളിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ പ്രതിദിന കേസുകളിൽ നേരിയ വർധനയുണ്ടായിട്ടുണ്ട്, ഇത് COVID-19 നെതിരായ പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ല എന്നതിന്റെ ഓർമ്മപ്പെടുത്തലാണെന്നും മന്ത്രാലയം പറഞ്ഞു.
പല ലോകരാജ്യങ്ങളിലും രോഗവ്യാപനം കൂടുന്നതായി കണപ്പെടുന്നതിനാൽ ഈ രാജ്യങ്ങളിലേക്ക് പോകുന്നവർ, ബൂസ്റ്റർ ഡോസ് എടുത്തിരിക്കുന്നത് ഉറപ്പാക്കണമെന്നും മന്ത്രാലയം അറിയിച്ചു.
എഹ്‌തെറാസിൽ ഗോൾഡ് വാക്‌സിനേറ്റഡ് സ്റ്റാറ്റസ് നിലനിർത്തുന്നതിന്, യോഗ്യരായ എല്ലാ വ്യക്തികളും എത്രയും വേഗം ബൂസ്റ്റർ വാക്‌സിൻ എടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.
ബൂസ്റ്റർ വാക്സിനുകൾ എല്ലാ പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ ഹെൽത്ത് സെന്ററുകളിലും ലഭ്യമാണ്. കൂടാതെ ബൂസ്റ്റർ വാക്സിൻ ഡോസിന് അർഹരായ ആളുകളെ അപ്പോയിന്റ്മെന്റ് നൽകുന്നതിന് PHCC നേരിട്ട് വിളിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇങ്ങനെ അപ്പോയിന്റ്മെന്റ് ലഭിക്കാത്തവർക്ക്, ഷെഡ്യൂൾ ചെയ്യുന്നതിന് PHCC ഹോട്ട്‌ലൈനായ 4027 7077-ലേക്ക് വിളിക്കാം.
കോവിഡ്-19 വാക്‌സിനേഷൻ അപ്പോയിന്റ്‌മെന്റുകൾ PHCC-കളുടെ ദ്വിഭാഷാ മൊബൈൽ ആപ്പ്, നർ’ആകൂം വഴിയും നടത്താം.