ഉപരോധത്തിന്റെ ഓർമ്മകൾക്ക് വിട; നാല് വർഷങ്ങൾക്ക് ശേഷം ഖത്തറിൽ സൗദിയുടെ അംബാസിഡർ സ്ഥാനമേറ്റു.
ദോഹ: 2017 മുതൽ 4 വർഷം നീണ്ട ഖത്തർ ഉപരോധത്തിന് ശേഷം ഇതാദ്യമായി ഖത്തറിൽ സൗദി അറേബ്യയുടെ അംബാസിഡർ ചുമതലയേറ്റു. ഖത്തറിലെ പുതിയ സൗദി അംബാസിഡറായി സ്ഥാനമേറ്റ പ്രിൻസ് മൻസൂർ ബിൻ ഖാലിദ് ബിൻ ഫർഹാൻ അൽ സൗദിനെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ ഥാനി ക്രെഡൻഷ്യൽ രേഖകൾ നൽകി സ്വീകരിച്ചു.
ഐക്യരാഷ്ട്രസഭയിലേക്കുള്ള സൗദിയുടെ സ്ഥിരദൗത്യ സംഘത്തിലെ അംഗവും ജനറൽ അസംബ്ലിയിലെ മൂന്നാം കമ്മറ്റിയിലെ സൗദിയുടെ പ്രതിനിധിയുമായിരുന്നു പ്രിൻസ് മൻസൂർ. റിപ്പബ്ലിക്ക് ഓഫ് സ്ലോവേനിയയുടെ നോൺ റെസിഡന്റ് അംബാസിഡർ ആയും 2012 മുതൽ സ്പെയിനിൽ സൗദിയുടെ അംബാസിഡർ എക്സ്ട്രാ ഓർഡിനറി, പ്ലെനിപൊട്ടൻഷ്യറി ഓഫ് കിംഗ്ഡം ടു സ്പെയിൻ തുടങ്ങിയ പദവികളും പ്രിൻസ് മൻസൂർ വഹിച്ചിട്ടുണ്ട്. ലോക ടൂറിസം ഓർഗനൈസേഷനിലെ സൗദിയുടെ സ്ഥിരം പ്രതിനിധി കൂടിയായിരുന്നു അദ്ദേഹം.
2017 ലാണ് സൗദിയുടെ നേതൃത്വത്തില്‍ യുഎഇ, ഈജിപ്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ഖത്തറിനെതിരെ ഉപരോധം ആരംഭിക്കുന്നത്. മൂന്നര വര്‍ഷത്തെ ഉപരോധത്തിന് ശേഷം ഈ വര്‍ഷം ജനുവരിയിൽ റിയാദില്‍ നടന്ന ജിസിസി ഉച്ചകോടിയില്‍ അൽ ഉല പ്രഖ്യാപനത്തിലൂടെ ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കാനും ബന്ധം കൂടുതൽ മെച്ചപ്പെടുത്താനും രാജ്യങ്ങൾ തീരുമാനം കൈക്കൊള്ളുകയായിരുന്നു. ജിസിസിയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രതിസന്ധിയായാണ് ഖത്തർ ഉപരോധം വിലയിരുത്തപ്പെടുന്നത്.