ഇന്ന് പുറത്തിറക്കിയ ജൂണിലെ ഫിഫ റാങ്കിംഗിൽ ഖത്തർ ദേശീയ ഫുട്ബോൾ ടീം ആഗോളതലത്തിൽ 35-ാം സ്ഥാനം നേടി. ലോകകപ്പ് ജേതാക്കളായ അർജൻ്റീന ദേശീയ ടീം റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഫ്രാൻസ് രണ്ടാം സ്ഥാനത്തും ബെൽജിയം മൂന്നാം സ്ഥാനത്തും തുടർന്നു.
ബ്രസീൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തിയപ്പോൾ ഇംഗ്ലണ്ട് ഒരു സ്ഥാനം താഴോട്ട് പോയി അഞ്ചാം സ്ഥാനത്തെത്തി. പോർച്ചുഗൽ ആറാം സ്ഥാനത്തും, നെതർലൻഡ്‌സ് ഏഴാം സ്ഥാനത്തും സ്പെയിൻ എട്ടാം സ്ഥാനത്തും തുടരുന്നു.
ക്രൊയേഷ്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്തെത്തിയപ്പോൾ ഇറ്റലി ഒരു സ്ഥാനം നഷ്ടപ്പെട്ട് പത്താം സ്ഥാനത്തെത്തി.
ആഫ്രിക്കൻ ഭൂഖണ്ഡ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി മൊറോക്കൻ ദേശീയ ടീം 12-ാം സ്ഥാനത്തേക്ക് ഉയർന്നു. അതേസമയം, ആഗോളതലത്തിൽ 17-ാം സ്ഥാനത്തുള്ള ജപ്പാൻ ഏഷ്യൻ ഭൂഖണ്ഡ റാങ്കിംഗിൽ മുന്നിലാണ്.
അതേസമയം, കഴിഞ്ഞ വർഷം 99-ാം സ്ഥാനത്തെത്തി വൻ മുന്നേറ്റം നടത്തിയ ഇന്ത്യക്ക് ഈ വർഷം റാങ്കിംഗിൽ തിരിച്ചടി തുടരുകയാണ്. മൂന്ന് സ്ഥാനങ്ങൾ പിറകോട്ട് പോയി 124-ാം സ്ഥാനത്താണ് ഇന്ത്യ. ഏഷ്യയിൽ പാകിസ്താനും വിയറ്റ്‌നാമിനും പുറകിൽ 22-ാമതാണ് രാജ്യത്തിന്റെ സ്ഥാനം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5