ദോഹ: ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആന്റ് വാട്ടർ കോർപ്പറേഷന്റെ (കഹ്‌റമാ) നേതൃത്വത്തിൽ പത്തൊമ്പതാമത് ഇലക്ട്രിക്ക് ചാർജിംഗ് സ്റ്റേഷൻ കതാരയിൽ തുറന്നു. 180 കിലോവാട്ട് ശേഷിയുള്ള പുതിയ കേന്ദ്രം രാജ്യത്തെ ഏറ്റവും വേഗതയേറിയ ചാര്ജിംഗ് സ്റ്റേഷനാണ്. 10 മിനിറ്റിനുള്ളിൽ ഒരു കാർ മുഴുവനായും ചാർജ്ജ് ചെയ്യാൻ പുതിയ സ്റ്റേഷനിൽ സാധിക്കുമെന്ന് കഹ്‌റമാ പ്രസിഡന്റ് എസ്സ ബിൻ ഹിലാൽ അൽ കുവൈരി പറഞ്ഞു.
പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന മെസ്സഈദിലെ കഹ്‌റമാ ബിൽഡിംഗ് സ്റ്റേഷൻ, ഇലക്ട്രിക് ബസ്സുകൾക്കായുള്ള മൊവസലാത്തിലെ രണ്ട് സ്റ്റേഷനുകൾ തുടങ്ങിയവയും പൂർത്തിയാക്കിയ 19 സ്റ്റേഷനുകളിൽ ഉൾപ്പെടും.
ഖത്തറിലുടനീളം 100 ഇലക്ട്രിക്ക് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഉള്ള ടെൻഡർ ക്ഷണിക്കാൻ ഒരുങ്ങുകയാണ് നിലവിൽ പൊതുവൈദ്യുതി-ജലവകുപ്പ്. കവലകൾ, മാളുകൾ, ഗവണ്മെന്റെ കെട്ടിടങ്ങൾ, ഹോട്ടലുകൾ, മെട്രോ സ്റ്റേഷൻ പാർക്കിംഗ് മുതലായിടങ്ങളിൽ ചാര്ജിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കും. സ്ഥാപിക്കപ്പെടുന്ന സ്ഥലത്തിന്റെ ആവശ്യകതക്കാനുസൃതമായായിരിക്കും സ്റ്റേഷനുകളുടെ ശേഷി നിശ്ചയിക്കുക. 20 ശതമാനം സ്റ്റേഷനുകളും പുനരയുപയോഗ സാധ്യതയുള്ള ഊർജസ്രോതസ്സുകളാണ് പ്രയോജനപ്പെടുത്തുക. ഖത്തർ ഗതാഗത മന്ത്രാലയവും കഹ്‌റമായും സംയുക്തമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
കഹ്‌റമായുടെ ‘തർഷീദ്’ നാഷണൽ പ്രോഗ്രാമിന്റെ കീഴിൽ, കാർബൺ എമിഷൻ പരമാവധി കുറച്ചു ക്ലീൻ എനര്ജിയിലേക്ക് മാറുക എന്ന ‘ഖത്തർ വിഷൻ 2030’ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ കൂടി ഭാഗമാണ് ഇലക്ട്രിക് സ്റ്റേഷനുകളുടെ നിർമ്മാണം.