ഖത്തർ പുതിയ ട്രാവൽ നയം: ‘സ്റ്റാൻഡേർഡ് മെഷർ’ രാജ്യങ്ങളിൽ നിന്നുള്ളവർ പാലിക്കേണ്ടത്

തിങ്കളാഴ്ച വൈകിട്ട് 7 മുതൽ നിലവിൽ വരുന്ന ഖത്തറിന്റെ പുതിയ ട്രാവൽ നയം പ്രകാരം, ലോകരാജ്യങ്ങളെ സ്റ്റാൻഡേർഡ് ഹെൽത്ത് മേഷർ, റെഡ് ഹെൽത്ത് മെഷർ എന്നിങ്ങനെ രണ്ടായി തിരിച്ച് നടപടിക്രമങ്ങൾ നൽകിയിട്ടുണ്ട്.
ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ത്, ജോർജിയ, ജോർദാൻ, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നിവ ഒഴികെയുള്ള മുഴുവൻ ലോകരാജ്യങ്ങളും സ്റ്റാൻഡേർഡ് ഹെൽത്ത് മെഷർ വിഭാഗത്തിലാണ്.
14 ദിവസമോ അതിൽ കൂടുതലോ ഈ ലോക രാജ്യങ്ങളിൽ കഴിഞ്ഞ് ഖത്തറിലെത്തുന്ന സാധുവായ കാലാവധിയുള്ള വാക്സീൻ എടുത്ത ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഖത്തർ റെസിഡന്റ് വിസക്കാർക്ക്, ക്വാറന്റീനോ യാത്രക്ക് മുൻപുള്ള പിസിആർ പരിശോധനയോ ഇല്ല. ഖത്തറിലെത്തി 24 മണിക്കൂറിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ചെയ്യണം.
വാക്സീൻ എടുക്കാത്ത റെസിഡന്റ് വീസക്കാർ 5 ദിവസം ഹോം ക്വാറന്റീന് വിധേയമാകണം. കൂടാതെ ഖത്തറിലെത്തി 24 മണിക്കൂറിനുള്ളിൽ പിസിആർ പരിശോധനയും നെഗറ്റീവ് ആണെങ്കിൽ, ക്വാറന്റീന്റെ അഞ്ചാം ദിവസം റാപ്പിഡ് ആന്റിജൻ ടെസ്റ്റും ചെയ്യണം.
സന്ദർശകർ
ജിസിസി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് വരുന്ന വിസിറ്റ് വിസക്കാർക്ക് ആകട്ടെ, അംഗീകൃത വാക്സിനേഷൻ ഉള്ളവർ ആണെങ്കിൽ ഖത്തറിൽ ക്വാറന്റീൻ വേണ്ട. ഖത്തറിലെത്തിയ ശേഷം 24 മണിക്കൂറിനുള്ളിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ചെയ്യണം.
സ്റ്റാൻഡേർഡ് മെഷർ രാജ്യങ്ങളിൽ നിന്ന് വാക്സീൻ എടുക്കാത്തവർക്കും വിസിറ്റ് വിസയിൽ ഖത്തറിൽ പ്രവേശിക്കാം. 5 ദിവസം ഹോട്ടൽ ക്വാറന്റീനോ ഖത്തറിലെ ഫസ്റ്റ് ഡിഗ്രി-ബന്ധുക്കളോടൊപ്പം (ബന്ധവും റെസിഡൻസിയും തെളിയിക്കുന്ന തെളിവ് സഹിതം) ഹോം ക്വാറന്റീനോ വിധേയമാകണം. ക്വാറന്റീന്റെ അഞ്ചാം ദിവസം റാപ്പിഡ് ആന്റിജൻ ടെസ്റ്റും ചെയ്യണം.
വാക്സിനേഷൻ സ്റ്റാറ്റസ് ഭേദമന്യേ വിസിറ്റ് വീസക്കാർ എല്ലാവരും തന്നെ പുറപ്പെടലിന് 48 മണിക്കൂറിനുള്ളിലെ ആർട്ടിപിസിആർ നെഗറ്റീവ് ഫലം സമർപ്പിക്കണം.