വർക്ക്‌ഷോപ്പുകാർ ശ്രദ്ധിക്കുക. ഈ മാസം നഗരസഭയുടെ മിന്നൽ പരിശോധന.
ദോഹ: വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ (MoCI) സഹകരണത്തോടെ മുനിസിപ്പാലിറ്റി-പരിസ്ഥിതി വകുപ്പ് (MME) രാജ്യത്തെ എല്ലാ മുനിസിപ്പാലിറ്റികളിലെയും ഓട്ടോമൊബൈൽ വർക്ക് ഷോപ്പുകളിൽ സംയുക്ത പരിശോധന കാമ്പയിൻ ആരംഭിച്ചു.
ഒരു മാസത്തോളം നീണ്ടുനിൽക്കാവുന്ന പരിശോധനയിൽ, പരിസരശുചിത്വവുമായും കെട്ടിട നിയമങ്ങളുമായും ബന്ധപ്പെട്ട ലംഘനങ്ങൾ കണ്ടെത്തുന്നതിനൊപ്പം ലൈസൻസ് പരിധിയിൽ അല്ലാത്ത ഇടങ്ങളിൽ വാഹനങ്ങൾ നന്നാക്കൽ പോലുള്ള അനധികൃത നടപടികളും പരിശോധന വിധേയമാകും. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും വലിയ തോതിൽ കാമ്പയിൻ നടപ്പാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ ദൃശ്യസൗന്ദര്യം സംരക്ഷിക്കുന്നതിനും പൊതുവായ സൗന്ദര്യഘടനയെ ബാധിക്കുന്ന പ്രവർത്തികൾ കുറയ്ക്കുന്നതിനും കാർ റിപ്പയറുകളും വർക്ക്ഷോപ്പുകളും അടങ്ങുന്ന വാണിജ്യവ്യാപാരകേന്ദ്രങ്ങൾക്കുള്ള നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ കാമ്പെയ്ൻ എന്ന് MME വിശദീകരിക്കുന്നു.
ആദ്യ ദിവസമായ ഇന്നലെ, അൽ ദായെൻ മുനിസിപ്പാലിറ്റിയിലെ കാർ റിപ്പയർ ഷോപ്പുകളിലും വർക്ക് ഷോപ്പുകളിലും ഇൻസ്പെക്ടർമാർ മിന്നൽ പരിശോധന നടത്തി. 2017 ലെ 18-ാം നമ്പർ പൊതുശുചിത്വ നിയമപ്രകാരം, 16 പൊതുശുചിത്വ നിയമലംഘനങ്ങളും 2015 ലെ നിയമം നമ്പർ 5 പ്രകാരം വാണിജ്യ ലൈസൻസ് സംബന്ധിച്ച നിയമലംഘനങ്ങളുമാണ് ആദ്യദിനം കണ്ടെത്തിയത്.
പൊതു ശുചിത്വ നിയമത്തിന്റെ 35 ലംഘനങ്ങളും വാണിജ്യ ലൈസൻസിനായുള്ള വ്യവസ്ഥകളുടെ 21 ലംഘനങ്ങളും ഉമ്മ് സലാൽ മുനിസിപ്പാലിറ്റിയിൽ കണ്ടെത്തി. കൂടാതെ, ഉപേക്ഷിക്കപ്പെട്ട നിരവധി വാഹനങ്ങളാണ് ഇവിടെ അധികൃതർക്ക് കാണാനായത്.
വാണിജ്യ പ്രവർത്തനങ്ങൾ, കെട്ടിട അനുമതികൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ചട്ടങ്ങളും നിയമങ്ങളും കർശനമായും പാലിക്കാൻ എല്ലാ ഷോപ്പ് ഉടമകളോടും MME ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളോ പരാതികളോ ഉണ്ടെങ്കിൽ 184 എന്ന ഹോട്ട്‌ലൈൻ വഴി മന്ത്രാലയത്തെ അറിയിക്കണം. ഇക്കാര്യത്തിൽ ആവശ്യമായ നിയമ നടപടികൾ ഉടനടി സ്വീകരിക്കും.