ഇറാനിയൻ ആക്രമണങ്ങൾ കുറഞ്ഞിട്ടുണ്ടെങ്കിലും പൂർണ്ണമായും നിലച്ചിട്ടില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം

ദോഹ: മേഖലയിലെ ഇറാനിയൻ ആക്രമണങ്ങൾ കുറഞ്ഞിട്ടുണ്ടെങ്കിലും പൂർണ്ണമായും നിലച്ചിട്ടില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. മാജിദ് അൽ അൻസാരി. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഗൾഫ് രാജ്യങ്ങളെ വേർതിരിച്ചുള്ള നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഏതെങ്കിലും ഒരു രാജ്യത്തിന് നേരെയുള്ള ആക്രമണം മുഴുവൻ രാജ്യങ്ങൾക്കും നേരെയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണങ്ങൾ തടയുന്നതിനായി ഖത്തർ പണം നൽകുന്നുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വാർത്തകളെ അദ്ദേഹം ശക്തമായി നിഷേധിച്ചു. ഖത്തർ നൽകുന്ന ഫണ്ട് ഒരു അന്താരാഷ്ട്ര സംവിധാനത്തിന്റെ ഭാഗമാണെന്നും അത് ആക്രമണങ്ങൾ ഒഴിവാക്കാൻ നൽകുന്ന പണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഏത് ആക്രമണങ്ങളെയും ഖത്തർ പ്രതിരോധിക്കുമെന്നും അതിന് തിരിച്ചടി നൽകാനുള്ള അവകാശം ഖത്തറിനുണ്ടെന്നും ഡോ. മാജിദ് അൽ അൻസാരി വ്യക്തമാക്കി. മേഖലയിലെ സമാധാനം നിലനിർത്താൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.




