ഖത്തർ പ്രശ്നക്കാരെന്ന് നെതന്യാഹു; തിരിച്ചടിച്ച് വിദേശകാര്യ മന്ത്രാലയം
ഖത്തറിനെതിരെ വിദ്വേഷകരമായ പ്രസ്താവനയുമായി രംഗത്തെത്തിയ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഖത്തർ വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചതോടെ മേഖലയിൽ വീണ്ടും ഇസ്രായേൽ-ഖത്തർ വാഗ്വാദങ്ങൾ വാർത്തകളിൽ നിറയുന്നു.
ഖത്തർ പ്രശ്നക്കാർ എന്നായിരുന്നു നെതന്യാഹുവിന്റെ പ്രസ്താവന. ഇസ്രയേലിനും ഹമാസിനും ഇടയിൽ മധ്യസ്ഥനായി പ്രവർത്തിക്കുന്ന ഖത്തർ പ്രശ്‌നക്കാരാണെന്ന് ബന്ദികളുടെ കുടുംബങ്ങളോട് നെതന്യാഹു പറഞ്ഞതായി ചാനൽ 12 പുറത്തുവിട്ട ടേപ്പുകളിൽ കേൾക്കാം.
‘എന്റെ കാഴ്ചപ്പാടിൽ, ഐക്യരാഷ്ട്രസഭയെയും റെഡ് ക്രോസിനെയും പോലെയാണ് ഖത്തറും. എന്നുമാത്രമല്ല, ഖത്തർ അവരേക്കാൾ കൂടുതൽ പ്രശ്‌നക്കാരാണ്’. ഹമാസ് നേതാക്കൾക്ക് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനുമേൽ അമേരിക്ക കൂടുതൽ സമ്മർദ്ദം ചെലുത്താത്തതിലും അമേരിക്കയുടെ സൈനിക ക്യാമ്പ് ഖത്തറിൽ തുടരുന്നതിലും നെതന്യാഹു നിരാശ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഇതിന് മറുപടിയായി, അമേരിക്കയുമായുള്ള ഖത്തറിന്റെ തന്ത്രപരമായ ബന്ധത്തെക്കുറിച്ച് ആശങ്കപ്പെടുന്നതിനു പകരം, നല്ല വിശ്വാസത്തോടെ പ്രവർത്തിക്കാനും ബന്ദികളെ മോചിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നെതന്യാഹു തീരുമാനിക്കണമെന്ന് ഖത്തർ വിദേശകാര്യ വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി പറഞ്ഞു.
നെതന്യാഹുവിന്റെ പ്രസ്താവന നിരുത്തരവാദപരവും നിരപരാധികളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളെ ഇല്ലാതാക്കുന്നതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്രായേലി ബന്ദികൾ ഉൾപ്പെടെയുള്ള നിരപരാധികളുടെ ജീവൻ രക്ഷിക്കുന്നതിന് മുൻഗണന നൽകുന്നതിനു പകരം, തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ നേട്ടത്തിന് വേണ്ടി, മധ്യസ്ഥ പ്രക്രിയയെ തടസ്സപ്പെടുത്തുകയും തുരങ്കം വയ്ക്കുകയും ചെയ്യുന്നതാണ് നെതന്യാഹുവിന്റെ നിലപാടെന്ന് എക്‌സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചു. പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD