ദോഹ: ഖത്തറിലെ യാത്രക്കാർക്ക് ആർട്ടിപിസിആർ ടെസ്റ്റ് നിര്ബന്ധമാണെന്നിരിക്കെ, സ്വകാര്യ ലാബുകളിലെ ഉയർന്ന ചാർജ്ജ് പ്രവാസികളെ പലപ്പോഴും വലച്ചിരുന്നു. എന്നാൽ യാത്രക്കൊരുങ്ങുന്നവർക്ക് ആശ്വാസമായി, ടെസ്റ്റ് ചാർജ്ജ് മൂന്നിലൊന്ന് വരെ കുറക്കാൻ തയ്യാറായിരിക്കുകയാണ് പല ലാബുകളും. ചില സ്വകാര്യ ലാബുകൾ, 200 ഖത്തർ റിയാലാണ് നിലവിൽ ഈടാക്കുന്ന ചാർജ്ജ്. ഇത് നേരത്തെ ഉണ്ടായിരുന്ന 300 റിയാലിനെക്കാൾ 33% കുറവാണ്.
വേനലവധിക്കാലത്തിനൊപ്പം ഖത്തറിന്റെ പുതിയ യാത്രാനയവും പ്രാബല്യത്തിലായതോടെ ഖത്തറിൽ യാത്രക്കാർ കുതിച്ചുയരുകയും ഇത് ടെസ്റ്റ് ചെയ്യുന്നവരുടെ എണ്ണത്തിലും വർധനയുണ്ടാക്കുകയും ചെയ്തു. വൈകുന്നേരങ്ങളിലാണ് ലാബുകളിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുന്നതെന്ന് ലാബുടമകൾ സാക്ഷ്യപ്പെടുത്തുന്നു.
ഡി റിംഗ് റോഡിലെ അൽ ഷിഫ പോളിക്ലിനിക്കിൽ ഖത്തർ റിയാൽ 200 ആണ് ഈടാക്കുന്ന ചാർജ്ജ്. വക്രയിലെ കിംസ് ഖത്തർ മെഡിക്കൽ സെന്റർ 220 റിയാലും ബർവായിലെ അറ്റ്‌ലസ് മെഡിക്കൽ സെന്റർ 219 റിയാലും ചാർജ്ജ് ഈടാക്കുന്നുണ്ട്. 220-300 ഖത്തർ റിയാലിന് ഇടയിലാണ് മറ്റു പല സ്വകാര്യ ലാബുകളുടെയും ചാർജ്ജ്. ടെസ്റ്റ് നടത്തുന്നതിന് മുന്നോടിയായി ഒരു വ്യക്തി റെസിഡൻസി പെർമിറ്റ് കാണിക്കണം. 24 മുതൽ 36 മണിക്കൂറിനുള്ളിൽ വരെ ഫലം ലഭ്യമാകും.
പിസിആർ ടെസ്റ്റിലെ നേരിയ കുറവ് പോലും കൂടുതൽ അംഗങ്ങൾ ഉള്ള കുടുംബങ്ങൾക്ക് ആശ്വാസകരമാണ്. ടെസ്റ്റ് ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെ പ്രൈവറ്റ് ക്ലിനിക്കുകൾക്കിടയിൽ മത്സരവും കൂടിയിട്ടുണ്ട്. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനായി ഇതും വില കുറയ്ക്കാൻ ലാബുകൾക്ക് പ്രേരണയാണ്.
പുതിയ യാത്രാനയത്തിൽ ക്വാറന്റീൻ നടപടികളെല്ലാം ലഘൂകരിച്ചതും, ഖത്തറിൽ നിന്ന് വിവിധ ആവശ്യങ്ങൾക്കായി നാട്ടിലേക്കും മറ്റും പുറപ്പെടുന്ന യാത്രക്കാരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാക്കിയിട്ടുണ്ട്. തിരിച്ചുവരവിന് പ്രയാസം നേരിടില്ല എന്നതാണ് കാരണം.