എൽഎൻജി കയറ്റുമതിക്ക് വിരാമമിട്ട് ഖത്തർ; ആശങ്കയോടെ യൂറോപ്പ്
ചെങ്കടലിൽ യുഎസ്-ഹൂതി ആക്രമണ നിഴൽ വീണതോടെ, ചെങ്കടൽ വഴിയുള്ള ദ്രവീകൃത പ്രകൃതി വാതക കയറ്റുമതി ഖത്തർ താൽക്കാലികമായി നിർത്തിവെച്ചു. ഖത്തറിന്റെ നേതൃത്വത്തിലുള്ള കുറഞ്ഞത് അഞ്ച് എൽഎൻജി കപ്പലുകളെങ്കിലും ചെങ്കടലിലേക്കുള്ള സഞ്ചാരം നിർത്തിയതായി ബ്ലൂംബെർഗ് മീഡിയ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. മറ്റു ഷിപ്പിംഗ് കമ്പനികൾ നേരത്തെ തന്നെ ചെങ്കടൽ മാർഗമുള്ള ഗതാഗതം വഴി തിരിച്ചു വിട്ടിട്ടുണ്ട്.
യൂറോപ്യൻ യൂണിയൻ പ്രകൃതി വാതക ഉപഭോഗതിനായി ഏറ്റവും അധികം ആശ്രയിക്കുന്ന രാജ്യമാണ് നിലവിൽ ഖത്തർ. ഖത്തറിന്റെ നേതൃത്വത്തിലുള്ള എൽ.എൻ.ജി വിതരണം നിലച്ചാൽ യൂറോപ്പിന്റെ ഊർജോത്പാദനം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങും. നേരത്തെ യൂറോപ്പ് എൽഎൻജിക്കായി ആശ്രയിച്ച് വന്നിരുന്ന റഷ്യയും ഉക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ വാതക വിതരണം നിർത്തിയിരുന്നു.
ഫലസ്തീനിലെ ഇസ്രായേലിന്റെ യുദ്ധത്തിന് മറുപടിയായി ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ചെങ്കടലിൽ ആക്രമണം നടത്തുകയും, തുടർന്ന് വെള്ളിയാഴ്ച യുഎസും ബ്രിട്ടീഷ് സേനയും യെമനിലുടനീളം നിരവധി കേന്ദ്രങ്ങൾ ആക്രമിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ചെങ്കടൽ യുദ്ധഭീതിയിലായത്.
എൽഎൻജി വ്യാപാരത്തിന്റെ പ്രധാന പാതകളിലാണ് സംഘർഷമുണ്ടായിരിക്കുന്നത്. “ബദൽ റൂട്ടുകളുണ്ട്. എന്നാൽ അവ നിലവിലെ റൂട്ടിനേക്കാൾ കാര്യക്ഷമമല്ലെന്നും സംഘർഷം വികസിച്ചാൽ എൽഎൻജി വ്യാപാരത്തെ ബാധിക്കുമെന്നും ആഗോള വ്യാപക പ്രതിസന്ധി ഉണ്ടാകുമെന്നും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്‍ദുൽ റഹ്മാൻ അൽ താനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD