ദോഹ: ഖത്തർ ഫ്രീ സോൺസ് അതോറിറ്റി (QFZA) നടത്തുന്ന ഫ്രീ സോണുകളിലേക്ക് പ്രാദേശിക-അന്തർദേശീയ കമ്പനികളുടെ തുടർച്ചയായ കടന്നുവരവ്. ലോജിസ്റ്റിക്സ്, ടെക്നോളജി, സേവന മേഖലകളിലായി 120 കമ്പനികൾ ഫ്രീ സോണിൽ നിലവിൽ പ്രവർത്തിക്കുന്നതായി QFZA യിലെ ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ ഹമദ് അൽ മോഹനാദി പറഞ്ഞു. ആരോഗ്യമേഖലയിലും ലോജിസ്റ്റിക് സേവനത്തിലും പ്രവർത്തിക്കുന്ന നിരവധി പ്രാദേശിക കമ്പനികൾ ഫ്രീ സോണിൽ ചേരാൻ പുതിയ കരാറുകൾ ഒപ്പുവെച്ചിട്ടുള്ളതായും ഖത്തർ ടിവിയോട് സംസാരിക്കവേ അദ്ദേഹം വെളിപ്പെടുത്തി.
ഖത്തറിൽ നിന്നും വിദേശത്തുനിന്നും നിക്ഷേപം ആകർഷിക്കുന്നതിനായി പ്രത്യേക നികുതിയിളവുകളോടെ പ്രവർത്തിക്കുന്ന കേന്ദ്രീകൃത സാമ്പത്തിക മേഖലകളാണ് ഫ്രീ സോണുകൾ.
ലോജിസ്റ്റിക് സേവനങ്ങൾ, ടെക്‌നോളജി, ലൈറ്റ്-ഹെവി ഇൻഡസ്ട്രികൾ എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളെ കേന്ദ്രീകരിച്ച് ഹമദ് തുറമുഖത്തിനടുത്തുള്ള ഉമ്മ് അൽഹോൾ, ഹമാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള റാസ് ബുഫോണ്ടാസ് എന്നീ രണ്ട് ഫ്രീസോണുകൾ പ്രവർത്തിക്കുന്നതായി അൽ മോഹനാദി അറിയിച്ചു.
യുഎസിലെ ഫ്ലോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇലക്‌ട്രോണിക്‌സ് കമ്പനിയായ ഐലൈഫ് ഡിജിറ്റലും അലി ബിൻ അലി ഹോൾഡിംഗിന്റെ അനുബന്ധ സ്ഥാപനമായ പ്രൈം ടെക്‌നോളജീസും തമ്മിലുള്ള പങ്കാളിത്തത്തിലാണ് ഉമ്മ് അൽഹോൾ ഫ്രീ സോണിലെ ഫാക്ടറി നിർമിച്ചതെന്ന് വിശദമാക്കിയ അദ്ദേഹം, ഈ വർഷം ഓഗസ്റ്റ് മുതൽ ഉത്പാദനം ആരംഭിക്കുന്ന ഫാക്ടറിയിൽ ലാപ്‌ടോപ്പ്, പിസി, സ്മാർട്ട് വാച്ചുകൾ, മൊബൈൽ ഫോണുകൾ എന്നിവയുൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമ്മിക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി.
മിഡിൽ ഈസ്റ്റിലെ സമാനമായ ആദ്യത്തെ ഫാക്ടറിയാണിതെന്ന് അവകാശപ്പെട്ട മോഹനാദി ഒരു വർഷത്തിൽ 350,000 യൂണിറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉത്പാദിപ്പിക്കുമെന്നും ഹൈ സ്‌കിൽഡ് ആയ 140 പേർ ഉൾപ്പെടെ 160-ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.
ഉൽപന്നങ്ങൾ പ്രാദേശിക വിപണിയിലേക്ക് വിതരണം ചെയ്യുന്നതിനൊപ്പം മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖലയിലെയും മറ്റ് രാജ്യങ്ങളിലെയും അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു, “മിഡിൽ ഈസ്റ്റിന്റെ മധ്യഭാഗത്തുള്ള തന്ത്രപരമായ ഭൂമിശാസ്ത്രപരമായ സ്ഥലത്താണ് ഖത്തർ സ്ഥിതിചെയ്യുന്നത്, മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന സ്ഥലമാണ്. ഫ്രീ സോണുകൾ മികച്ച ആഗോള കണക്റ്റിവിറ്റിയും അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളും പ്രദാനം ചെയ്യുന്നു, ഇത് ഉൽപാദനച്ചെലവ് കുറയ്ക്കുന്നതിനും ആഗോള വിപണികളിലെത്തുന്നതിനും സഹായിക്കും.”
വിദേശ കമ്പനികളെയും നിക്ഷേപകരെയും കൊണ്ടുവരുന്നതിനുള്ള QFZA യുടെ സംരംഭത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം, അതോറിറ്റിയുടെ പ്രധാന ലക്ഷ്യമാണിതെന്ന് ആവർത്തിച്ചു. “ഖത്തർ ചേംബർ വഴിയും സ്വകാര്യമേഖലയുമായി ഏകോപിപ്പിച്ചും ശ്രമങ്ങൾ നടക്കുന്നുണ്ട്. പ്രാദേശിക കമ്പനിയും വിദേശ കമ്പനിയും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഉത്തമ ഉദാഹരണമാണ് ഉമ്മ് അൽഹോൾ ഫ്രീ സോണിലെ ഉൽപാദന സൗകര്യം,” മോഹനാദിയുടെ വാക്കുകൾ.
ഫിഫ ലോകകപ്പിനായി 2022 ലും അതിനുശേഷവും ഉമ്മ് അൽഹോൾ ഫ്രീ സോണിൽ ഇലക്ട്രിക് ബസ് (ഇ-ബസ്) നിർമാണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള യുട്ടോങ്ങും (ചൈനീസ് കമ്പനി) മൊവാസാലത്തും തമ്മിലുള്ള കരാർ മറ്റൊരു ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫ്രാൻസിലെ ഗൗസിൻ കമ്പനിയും അൽ ആതിയ മോട്ടോഴ്‌സും ട്രേഡിംഗ് കമ്പനിയും തമ്മിലുള്ള സംയുക്ത സംരംഭമായ എമിഷൻ രഹിത വാഹനങ്ങളുടെ അസംബ്ലിംഗ് യൂണിറ്റിൽ നിന്നുള്ള ഉൽപ്പന്നത്തിന്റെ ആദ്യ കയറ്റുമതി ഹമാദ് പോർട്ടിൽ ക്യൂ-ടെർമിനലിലേക്ക് അയച്ചതായും അദ്ദേഹം അറിയിച്ചു.