
ദോഹ: ഫുട്ബോൾ ലോകം കാത്തിരിക്കുന്ന വൻകരകളുടെ പോരാട്ടമായ ‘ഫിനാലിസിമ’ (Finalissima 2026) ഉൾപ്പെടെയുള്ള വമ്പൻ മത്സരങ്ങൾക്ക് ഖത്തർ വേദിയാകുന്നു. മാർച്ച് 26 മുതൽ 31 വരെ നടക്കുന്ന ഖത്തർ ഫുട്ബോൾ ഫെസ്റ്റിവലിൽ ഖത്തർ, സൗദി അറേബ്യ, ഈജിപ്ത്, സെർബിയ എന്നീ രാജ്യങ്ങളും പങ്കെടുക്കും. 2026-ലെ ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പായിട്ടാണ് ഈ ടൂർണമെന്റിനെ ടീമുകൾ കാണുന്നത്.
ഫിനാലിസിമ 2026 (Finalissima)
യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനും സൗത്ത് അമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീനയും തമ്മിലുള്ള ഹൈ-വോൾട്ടേജ് പോരാട്ടം മാർച്ച് 27-ന് ഐക്കോണിക് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കും. മെസ്സിയും സംഘവും വീണ്ടും ഖത്തറിന്റെ മണ്ണിൽ ബൂട്ടു കെട്ടുന്നു എന്നതാണ് ഈ മത്സരത്തിന്റെ പ്രധാന ആകർഷണം.
മത്സരക്രമം:
- മാർച്ച് 26: ഈജിപ്ത് vs സൗദി അറേബ്യ – അഹമ്മദ് ബിൻ അലി സ്റ്റേഡിയം
- മാർച്ച് 26: ഖത്തർ vs സെർബിയ – ജാസിം ബിൻ ഹമദ് സ്റ്റേഡിയം
- മാർച്ച് 27: സ്പെയിൻ vs അർജന്റീന – ലുസൈൽ സ്റ്റേഡിയം
- മാർച്ച് 30: ഈജിപ്ത് vs സ്പെയിൻ – ലുസൈൽ സ്റ്റേഡിയം
- മാർച്ച് 30: സൗദി അറേബ്യ vs സെർബിയ – ജാസിം ബിൻ ഹമദ് സ്റ്റേഡിയം
- മാർച്ച് 31: ഖത്തർ vs അർജന്റീന – ലുസൈൽ സ്റ്റേഡിയം
ടിക്കറ്റ് വിവരങ്ങൾ:
വിദേശ ആരാധകർക്കായുള്ള എക്സ്ക്ലൂസീവ് ട്രാവൽ പാക്കേജുകൾ ഫെബ്രുവരി 1 മുതൽ ഖത്തർ എയർവേയ്സ്, വിസിറ്റ് ഖത്തർ എന്നിവ വഴി ലഭ്യമാകും.
മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഫെബ്രുവരി 25 മുതൽ roadtoqatar.qa എന്ന വെബ്സൈറ്റ് വഴി സ്വന്തമാക്കാം.
ഖത്തർ ടൂറിസത്തിന്റെയും വിസിറ്റ് ഖത്തറിന്റെയും സഹകരണത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ലോകകപ്പ് ആവേശം വീണ്ടും ദോഹയിലേക്ക് തിരികെയെത്തുന്നതിന്റെ ആവേശത്തിലാണ് കായിക പ്രേമികൾ. മുതിർന്ന ഉദ്യോഗസ്ഥനായ അൽ ബുഐനൈൻ വ്യക്തമാക്കിയതനുസരിച്ച്, ഈ മത്സരങ്ങൾ മേഖലയിലെ കായിക ടൂറിസത്തിന് വലിയ കരുത്തേകും.




