ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു; ഈ ആഴ്ച മുഴുവൻ ക്ലാസുകൾ ഉണ്ടാകില്ല

ദോഹ: മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഖത്തർ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) അവധി പ്രഖ്യാപിച്ചു. സർക്കാർ സ്‌കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നഴ്‌സറികൾ എന്നിവയുൾപ്പെടെ എല്ലാ തലങ്ങളിലുമുള്ള സ്ഥാപനങ്ങൾക്കും ഈ ആഴ്ച അവസാനം വരെ അവധിയായിരിക്കും.
ഏപ്രിൽ 8 ബുധനാഴ്ച മുതൽ തന്നെ അവധി നിലവിൽ വന്നു. നേരത്തെ ഏപ്രിൽ 22, 23 തീയതികളിൽ നിശ്ചയിച്ചിരുന്ന അവധി ദിവസങ്ങൾക്ക് പകരമായാണ് ഇപ്പോൾ നേരത്തെ അവധി നൽകിയിരിക്കുന്നത്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം.
വിദ്യാഭ്യാസ മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട മറ്റ് അധികൃതരുമായി സഹകരിച്ച് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും മന്ത്രാലയം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും നൽകുന്ന സഹകരണത്തിന് മന്ത്രാലയം നന്ദി രേഖപ്പെടുത്തി. ഭരണപരമായ കാര്യങ്ങൾക്കും അക്കാദമിക് പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന ജീവനക്കാരുടെ സേവനങ്ങളെ മന്ത്രാലയം അഭിനന്ദിച്ചു.
തുടർന്നുള്ള അറിയിപ്പുകൾക്കായി മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.




