ഖത്തറിൽ കൊവിഡ് കേസുകൾ പിന്നെയും കൂടി. ഇന്ന് സ്ഥിരീകരിച്ചത് 183 പേർക്കാണ്. ഇതിൽ 136 പേർ ഖത്തറിലുള്ളവരും 47 പേർ വിദേശത്ത് നിന്നെത്തിയ യാത്രക്കാരുമാണ്. ഏറെ ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്ത് പ്രതിദിന കേസുകൾ 180 ന് മുകളിലെത്തുന്നത്. 148 പേർ രോഗമുക്തി നേടിയ ഇന്നലെ വരെ ആകെ കേസുകളുടെ എണ്ണം 2350 ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ നടന്ന 20196 ടെസ്റ്റുകളിൽ നിന്നാണ് ഈ കണക്കുകൾ.
അതേസമയം, രാജ്യത്ത് കോവിഡ് ടെസ്റ്റുകൾക്കും ആവശ്യകത കുതിച്ചുയരുകയാണ്. ഉയർന്ന ഡിമാൻഡുള്ളതിനാൽ, മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്ക് മാത്രമേ കോവിഡ് സ്വാബ് ടെസ്റ്റ് അനുവദിക്കൂ എന്ന് ഖത്തറിലെ പ്രമുഖ മെഡിക്കൽ കേന്ദ്രമായ സിദ്ര മെഡിസിൻ അറിയിച്ചു. 2022 ജനുവരി 8 വരെ വാക്ക്-ഇന്നുകളൊന്നും സ്വീകരിക്കില്ലെന്നും സിദ്ര സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി. സിദ്ര വെബ്‌സൈറ്റിലാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്.
മൂന്ന് തരം കോവിഡ്-19 ടെസ്റ്റ് ഓപ്‌ഷനുകളാണ് സിദ്ര മെഡിസിൻ വാഗ്ദാനം ചെയ്യുന്നത്: 18 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുന്ന PCR സ്വാബ് പരിശോധന (160 QR), വൈകിട്ട് 6 മണിക്ക് മുമ്പ് സാമ്പിൾ ശേഖരിച്ച് 8 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുന്ന സ്വാബ് പരിശോധന (300 QR), രാത്രി 10 മണിക്ക് മുൻപ് സാമ്പിൾ ശേഖരിച്ച് 3 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുന്ന സ്വാബ് ടെസ്റ്റ് (660 QR) എന്നിവയാണ് അവ.