ദോഹ: ഖത്തർ ലോകകപ്പ് കിക്കോഫിന് ഒരു വർഷം മാത്രം ബാക്കിനിൽക്കെ, കളി കാണാൻ ഖത്തറിലെത്തുന്നതിന് ആരാധകർക്കായി പ്രത്യേക ട്രാവൽ പാക്കേജുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്‌സ്. ടിക്കറ്റിനൊപ്പം, മാച്ച് ടിക്കറ്റ്, റിട്ടേണ് ടിക്കറ്റ്, താമസം എന്നിവയടങ്ങുന്നതാണ് പ്രത്യേക ഫാൻ ട്രാവൽ പാക്കേജ്.
ഇഷ്ട ടീമിന്റെ മാച്ചുകൾക്ക് ടിക്കറ്റ് റിസർവ് ചെയ്യാവുന്നതുൾപ്പടെയുള്ള സൗകര്യങ്ങൾ ലഭ്യമാകാൻ യാത്രികൻ ആദ്യം ഖത്തർ എയർവേയ്‌സ് പ്രിവിലേജ് ക്ലബ്ബിൽ അംഗമാകേണ്ടതുണ്ട്. ശേഷം ഫാൻ പാക്കേജിൽ വരാനുദ്ദേശിക്കുന്നയാൾ തന്റെ ഇഷ്ട ടീം സെലക്ട് ചെയ്യണം. ആ ടീമിന്റെ മത്സരങ്ങളാണ് പ്രസ്തുത പാക്കേജിൽ ലഭിക്കുക. നിലവിലെ വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളുടെ അടിസ്ഥാനത്തിൽ യോഗ്യത നേടാത്ത ടീമിനെയാണ് ഒരാൾ തെരഞ്ഞെടുക്കുന്നതെങ്കിൽ മുഴുവൻ റീഫണ്ടും ലഭ്യമാകുകയോ അല്ലെങ്കിൽ അയാൾക്ക് ടീം മാറ്റി തിരഞ്ഞെടുക്കയോ ചെയ്യാനും അവസരമുണ്ട്.
3,800 യുഎസ് ഡോളർ മുതൽ തുടങ്ങുന്ന വിവിധ ട്രാവൽ പാക്കേജുകളിൽ എയർപോർട്ട് ട്രാൻസ്ഫർ, വിനോദ സഞ്ചാരം തുടങ്ങിയ മറ്റു അധിക സർവീസുകൾ കൂട്ടിച്ചേർക്കാനും സാധിക്കും.
എത്ര പേരാണ് വരുന്നതെന്നും എത്ര റൂമുകൾ ആവശ്യമുണ്ടെന്നും ബുക്കിംഗ് സമയത്ത് തന്നെ തിരഞ്ഞെടുക്കണം. ബജറ്റിന് അനുസരിച്ച്, സ്റ്റാൻഡേർഡ് മുതൽ പ്രീമിയം വരെയുള്ള റൂമുകൾ ലഭ്യമാണ്. ബുക്കിംഗിനും മറ്റു വിവരങ്ങൾക്കും ഇവിടെ: https://www.qatarairways.com/app/fifa2022/
ഇന്ത്യ ഉൾപ്പെടെ ഇരുപത്തിയാറിലധികം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിലവിൽ ബുക്കിംഗ് ലഭ്യമാണ്. വരുംദിവസങ്ങളിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തും.