വാഷിംഗ്ടൺ: അമേരിക്കൻ വിമാന നിർമാതാക്കളായ ബോയിങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന ഓർഡറിന് ഇന്നലെ ഖത്തർ എയർവേയ്‌സ് കരാർ ഒപ്പിട്ടു.
ഖത്തർ അമീർ ഷെയ്ഖ് തമീമിന്റെ യുഎസ് സന്ദർശനത്തോടനുബന്ധിച്ച് ഇന്നലെ വൈറ്റ് ഹൗസിൽ ഇരു കമ്പനി/ഗവണ്മെന്റ് പ്രതിനിധികളും സംയുക്തമായി പങ്കെടുത്ത ചടങ്ങിലാണ് യുഎസ് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ “ചരിത്രപരം” എന്നു വിശേഷിപ്പിച്ച കരാറിന് കളമൊരുങ്ങിയത്.
ഖത്തര്‍ എയര്‍വേയ്സ് അൻപത് 777-8 ചരക്ക് വിമാനങ്ങള്‍ വാങ്ങാന്‍ ബോയിംഗുമായി കരാറില്‍ ഒപ്പുവച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 34 ജെറ്റുകള്‍ക്കുള്ള ഓര്‍ഡറും 16 വിമാനങ്ങള്‍ കൂടി ചേര്‍ക്കാനുള്ള സാധ്യതയും അടങ്ങുന്ന കരാറിൽ രണ്ട് ബോയിംഗ് 777 ഫ്രൈറ്ററുകളുടെ അധിക ഓർഡറിനായി GE90 എഞ്ചിനുകളും ഉൾപ്പെടുന്നു.
20 ബില്യൺ യുഎസ് ഡോളറിലധികമാണ് പർച്ചേസ് തുക എന്നാണ് വിവരം.
ഗുണമേന്മയുടെ പേരിൽ യൂറോപ്യൻ നിർമാതാക്കളായ എയർബസുമായി നിയമയുദ്ധം തുടരുന്നതിനിടെയാണ്, അവരുടെ അമേരിക്കൻ എതിരാളികളായ ബോയിംഗുമായി ഖത്തർ എയർവേയ്സിന്റെ വമ്പൻ കരാർ എന്നതും ചർച്ചകളെ കൊഴുപ്പിക്കുന്നുണ്ട്.