സ്റ്റാർലിങ്ക് ഇൻ്റർനെറ്റുള്ള ലോകത്തിലെ ആദ്യത്തെ ബോയിംഗ് 777 പുറത്തിറക്കി ഖത്തർ എയർവേയ്സ്
സ്റ്റാർലിങ്ക് ഇൻ്റർനെറ്റ് ഘടിപ്പിച്ച ലോകത്തിലെ ആദ്യത്തെ ബോയിംഗ് 777 ഖത്തർ എയർവേസ് പുറത്തിറക്കി. ദോഹയിൽ നിന്നും ലണ്ടനിലേക്കുള്ള ഫ്ളൈറ്റിലാണ് ഈ സംവിധാനമുള്ളത്. ഇതിലൂടെ യാത്രക്കാർക്ക് സ്ട്രീമിംഗ് ഷോകൾ, ലൈവ് സ്പോർട്ട്സ്, ഗെയിംസ്, ഓൺലൈൻ ജോലികൾ ചെയ്യൽ എന്നിവയെല്ലാം സൗജന്യമായി ആസ്വദിക്കാൻ കഴിയും.
സ്റ്റാർലിങ്കിൻ്റെ ഹൈ-സ്പീഡ് ലോ-ലേറ്റൻസി ഇൻ്റർനെറ്റ് വാഗ്ദാനം ചെയ്യുന്ന മെന മേഖലയിലെ ഏറ്റവും വലുതും ആദ്യത്തെതുമായ എയർലൈൻ എന്ന നിലയിൽ, ഖത്തർ എയർവേയ്സ് ഇൻ-ഫ്ലൈറ്റ് ടെക്നോളജിയിൽ മുന്നിൽ നിൽക്കുന്നു. യാത്രയിലുടനീളം കണക്റ്റിവിറ്റി ഉറപ്പാക്കുന്നതാണ് ഈ സേവനം.
തുടക്കത്തിൽ, ഖത്തർ എയർവേയ്സ് സ്റ്റാർലിങ്ക് സജ്ജീകരിച്ച മൂന്നു വിമാനങ്ങൾ ഉണ്ടാക്കാനാണു പദ്ധതിയിട്ടിരുന്നത്, എന്നാൽ 2024 അവസാനത്തോടെ അവർ 12 നവീകരിച്ച ബോയിംഗ് 777-300 വിമാനങ്ങൾ അവതരിപ്പിക്കും. 2025 ഓടെ അവരുടെ മുഴുവൻ ബോയിംഗ് 777 ഫ്ലീറ്റിലും സ്റ്റാർലിങ്ക് സ്ഥാപിക്കാനും ഖത്തർ എയർവേയ്സ് ലക്ഷ്യമിടുന്നു. 2025 സമ്മറിൽ എയർബസ് എ350 ഫ്ലീറ്റിലും ഇത് നടപ്പിലാക്കാൻ പദ്ധതിയിടുന്നു.
ഫ്ളൈറ്റ് യാത്രയിൽ വേഗതയേറിയതും വിശ്വസനീയവുമായ ഇൻ്റർനെറ്റ് നൽകിക്കൊണ്ട് യാത്രാനുഭവം വർധിപ്പിക്കാനുള്ള ഖത്തർ എയർവേയ്സിൻ്റെ പ്രതിബദ്ധതയാണ് ഇതിലൂടെ കാണിക്കുന്നത്. സ്പേസ് എക്സ് സൃഷ്ടിച്ച സ്റ്റാർലിങ്ക്, ലോ എർത്ത് ഓർബിറ്റിലെ ഏറ്റവും വലിയ ഉപഗ്രഹ ശൃംഖലയാണ്, ഇത് വിദൂര പ്രദേശങ്ങളിൽ പോലും യാത്രക്കാർക്ക് ഇന്റർനെറ്റ് സൗകര്യം നൽകുന്നു.
ആദ്യത്തെ സ്റ്റാർലിങ്ക് ഫ്ലൈറ്റ് ആരംഭിക്കുന്നതിൽ ഖത്തർ എയർവേയ്സിൻ്റെ ഗ്രൂപ്പ് സിഇഒ ബദർ മുഹമ്മദ് അൽ മീർ ആവേശം പ്രകടിപ്പിച്ചു, പരമ്പരാഗത വിമാന യാത്രയ്ക്കപ്പുറം വിമാനത്തിനുള്ളിലെ അനുഭവം മെച്ചപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. സ്റ്റാർലിങ്ക്സ് ഇൻ്റർനെറ്റ് യാത്രക്കാർക്ക് പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാനും 35,000 അടി ഉയരത്തിൽ വിനോദപ്രവർത്തനങ്ങൾ ആസ്വദിക്കാനും സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്റ്റാർലിങ്കിൻ്റെ സേവനം കാലക്രമേണ മെച്ചപ്പെടുത്തുന്നത് തുടരുമെന്നും ഭാവിയിൽ യാത്രക്കാർക്ക് മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കുമെന്നും സ്പേസ് എക്സ് സിഇഒ എലോൺ മസ്ക് സൂചിപ്പിച്ചു. ഖത്തർ എയർവേയ്സും സ്റ്റാർലിങ്കും തമ്മിലുള്ള ഈ സഹകരണം എയർലൈനിൻ്റെ പുരോഗതിയെ അടയാളപ്പെടുത്തുകയും യാത്രക്കാരുടെ അനുഭവം വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ്.