ഇന്ത്യക്കാരെ വിളിച്ച് ഖത്തർ എയർവേയ്‌സ്; നിരവധി അവസരങ്ങൾ
ഇന്ത്യയിലുടനീളമുള്ള വിവിധ റോളുകൾക്കായി ഗണ്യമായ എണ്ണം ജീവനക്കാരെ നിയമിക്കുമെന്ന് ഖത്തർ എയർവേയ്‌സ് എയർലൈൻ അറിയിച്ചു. ജോലിക്കായി നിലവിൽ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ പൗരന്മാർക്ക് ഡിവിഷനുകളിലുടനീളമുള്ള വിവിധ റോളുകൾക്കായി അപേക്ഷകൾ അയയ്ക്കാം.
ഖത്തർ എയർവേയ്‌സ്, ഖത്തർ ഡ്യൂട്ടി ഫ്രീ, ഖത്തർ ഏവിയേഷൻ സർവീസസ്, ഖത്തർ എയർവേയ്‌സ് കാറ്ററിംഗ് കമ്പനി, ഖത്തർ ഡിസ്ട്രിബ്യൂഷൻ കമ്പനി തുടങ്ങി ദിയാഫത്തീന ഹോട്ടലുകൾ വരെയുള്ള വിവിധ വിഭാഗങ്ങളിലേക്ക് ജീവനക്കാരെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
പാചകം, കോർപ്പറേറ്റ്, വാണിജ്യം, മാനേജ്മെന്റ്, കാർഗോ, കസ്റ്റമർ സർവീസ്, എഞ്ചിനീയറിംഗ്, ഫ്ലൈറ്റ് ഓപ്പറേഷൻസ്, ഗ്രൗണ്ട് സർവീസ്, സേഫ്റ്റി ആൻഡ് സെക്യൂരിറ്റി, ഡിജിറ്റൽ, ഫ്രണ്ട് ഓഫ് ഹൗസ്, അഡ്മിനിസ്ട്രേഷൻ, സെയിൽസ്, ഫിനാൻസ് തുടങ്ങിയ മേഖലകളിലേക്കായി നിരവധി ജീവനക്കാർക്ക് അവസരമുണ്ട്.
ഇന്ത്യയിലെ റിക്രൂട്ട്‌മെന്റ് ഡ്രൈവ് 2022 സെപ്റ്റംബർ 16, 17 തീയതികളിൽ ഡൽഹിയിലും, സെപ്റ്റംബർ 29, 30 തീയതികളിൽ മുംബൈയിലും നടക്കും.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഖത്തർ എയർവേയ്‌സ് കരിയർ പേജ് വഴി ഓൺലൈനായി അപേക്ഷിക്കാം: https://qatarairways.com/recruitment
തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് താമസവും അലവൻസുകളും ഉൾപ്പെടെയുള്ള നികുതി രഹിത വരുമാനം ലഭിക്കുമെന്ന് എയർലൈൻ അറിയിച്ചു.
“ഖത്തർ എയർവേയ്‌സിന് ഇന്ത്യയുമായി എപ്പോഴും പ്രത്യേക ബന്ധമുണ്ട്, ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ ഞങ്ങൾ വിപണിയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത കൂടുതൽ ദൃഢമാക്കുകയാണ്. ആത്മാർത്ഥത നിലനിർത്തിക്കൊണ്ട്, അതിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന പ്രതിഭാധനരായ ഇന്ത്യക്കാരിൽ നിന്ന് ഞങ്ങൾ അപേക്ഷകൾ ക്ഷണിക്കുന്നു,” ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അക്ബർ അൽ ബേക്കർ പറഞ്ഞു.