സ്‌കൂൾ അവധിക്കാലത്തേക്ക് പ്രത്യേക ട്രാവൽ പാക്കേജുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്‌സ്
ദോഹ: ഖത്തറിൽ ഈ വരാനിരിക്കുന്ന സ്‌കൂൾ അവധിക്കാലം ആഘോഷമാക്കാൻ പ്രത്യേക ട്രാവൽ പാക്കേജുകൾ പ്രഖ്യാപിച്ച് ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്‌സിന്റെ ടൂർ ഓപ്പറേറ്റർമാരായ ഹോളിഡേയ്‌സ്. ഖത്തറിലെ താമസക്കാരായ പ്രവാസികളെ ഉൾപ്പെടെ ലക്ഷ്യമിട്ടാണ് പാക്കേജ്. ഇറ്റലി, യുകെ, തുർക്കി, മാലിദ്വീപ്, ഒമാൻ, ജോർജ്ജിയ മുതലായ ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിലേക്കാണ് ഹോളിഡേ പാക്കേജുകളുള്ളത്.
വാക്സീൻ പൂർത്തിയാക്കിയ യാത്രികർക്ക് (രക്ഷിതാക്കൾക്ക് ഒപ്പമുള്ള 11 വയസ്സിന് താഴോട്ടുള്ള വാക്സീൻ സ്വീകരിക്കാത്ത കുട്ടികൾക്ക് ഉൾപ്പെടെ) യാത്ര പുറപ്പെടുന്നതിന് മുൻപുള്ള പിസിആർ ടെസ്റ്റിൽ നിന്നും തിരിച്ചെത്തിയ ശേഷമുള്ള ക്വാറന്റീനിൽ നിന്നും ഇളവുണ്ട്.
വിമാന ടിക്കറ്റിനൊപ്പം ഹോട്ടൽ താമസ ബുക്കിംഗും പാക്കേജിൽ ഉൾപ്പെടും. കൂടാതെ എയർപോർട്ടിൽ നിന്നുള്ള ഗതാഗതം, ഭക്ഷണം, വാടകയ്ക്ക് കാർ തുടങ്ങിയ സൗകര്യങ്ങളും ആവശ്യമെങ്കിൽ പാക്കേജിൽ ഉൾപ്പെടുത്താം.
ആതിഥേയ രാജ്യത്തിന്റെ കോവിഡ് പ്രോട്ടോക്കോളുകളും ഖത്തറിലേക്ക് തിരിച്ചെത്തിയാലുള്ള 36 മണിക്കൂറിനുള്ളിലെ പിസിആർ പരിശോധനയും യാത്രികൻ പാലിക്കേണ്ടതുണ്ട്.
ഖത്തർ റിയാൽ 2980 മുതൽ 8378 വരെയാണ് നിരക്കുകൾ. ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും ഇവിടെ: https://www.qatarairwaysholidays.com/qa-en/offers/mid-term-holiday-deals/