മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്‌ബോൾ ക്ലബ് വാങ്ങാനുള്ള തീരുമാനത്തിൽ നിന്ന് ഖത്തറി ബാങ്കർ ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനി പിന്മാറിയതായി ബിബിസി സ്‌പോർട് റിപ്പോർട്ട് ചെയ്തു. ഷെയ്ഖ് ജാസിം 5 ബില്യൺ പൗണ്ടിന് ക്ലബ്ബിനായി ലേലം വിളിച്ചിരുന്നു. എന്നാൽ ഈ ആഴ്‌ചയോടെ ചർച്ചകൾ അവസാനിപ്പിച്ചതായാണ് വിവരം.
നിലവിലെ ക്ലബ് ഉടമസ്ഥരായ ഗ്ലേസർ കുടുംബവുമായി ബിഡ് തുകയിലും ഓഹരികളിലും ഒത്തുപോകാത്തതാണ് പിൻവാങ്ങലിന്റെ കാരണമെന്ന് കരുതപ്പെടുന്നു. ക്ലബിന്റെ പൂർണ ഉടമസ്ഥത എന്ന ഷെയ്ഖ് ജസീമിന്റെ താൽപ്പര്യം പ്രായോഗികമാകാത്തത് പിന്മാറ്റത്തിന് കാരണമായി.
2005-ൽ 790 മില്യൺ പൗണ്ടിന് യുണൈറ്റഡിനെ വാങ്ങിയ ഗ്ലേസർ കുടുംബം 2022 നവംബറിലാണ് ക്ലബ് വിൽക്കുന്ന കാര്യം പരിഗണിക്കുന്നതായി പ്രഖ്യാപിച്ചത്. ഷെയ്ഖ് ജാസിമിന് പുറമെ ബ്രിട്ടീഷ് വ്യവസായി സർ ജിം റാറ്റ്ക്ലിഫിന്റെ ഇനിയോസ് ഗ്രൂപ്പായിരുന്നു ലേലത്തിനെത്തിയ പ്രധാനി.
ഏകദേശം 5 ബില്യൺ പൗണ്ടിന്റെ ബിഡ്ഡുകളാണ് ഇരുവരും ടേബിൾ ചെയ്തത്. യുണൈറ്റഡിന്റെ പൂർണ്ണ നിയന്ത്രണത്തിനായിരുന്നു ഷെയ്ഖ് ജാസിമിന്റെ ശ്രമം. ക്ലബ്ബിന്റെ കടമെടുപ്പ് തീർപ്പാക്കുമെന്നും ജാസിം വാഗ്ദാനം ചെയ്തിരുന്നു. 5 ബില്യൺ പൗണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന മെച്ചപ്പെട്ട ബിഡ് ഉണ്ടായിരുന്നിട്ടും ഈ ആഴ്‌ചയോടെ തുടർന്നുള്ള ചർച്ചകൾ തകരുകയായിരുന്നു.
ഇതിനു വിപരീതമായി, ഗ്ലേസേഴ്‌സിന്റെ 6 ബില്യൺ പൗണ്ട് ചോദിക്കുന്ന വിലയെക്കുറിച്ചുള്ള പ്രതിസന്ധി മറികടക്കാൻ റാറ്റ്ക്ലിഫ് ഒരു ചെറിയ ഓഹരി വാങ്ങാൻ തയ്യാറാണെന്ന് റിപ്പോർട്ട് പറയുന്നു.
കനത്ത കട ഭീഷണിയിലുള്ള ക്ലബ് വിൽപനയിലെ മന്ദഗതിക്കെതിരെ ഗ്ലേസർ ഫാമിലിക്കെതിരെ ക്ലബ് ആരാധകർ പ്രതിഷേധ പ്രകടനമുൾപ്പടെയുള്ളവ നടത്തിയിരുന്നു.
പ്രീമിയർ ലീഗിൽ ആദ്യ എട്ട് മത്സരങ്ങളിൽ നാലിലും തോൽക്കുകയും ആദ്യ രണ്ട് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ തോൽക്കുകയും ചെയ്ത ക്ലബ് പത്താം സ്ഥാനത്താണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv