ഖത്തർ പൂരം സീസൺ രണ്ട് – പതിനായിരങ്ങൾ പങ്കെടുത്ത മഹാവിജയം

ദോഹ: ഖത്തറിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സോഷ്യൽ മീഡിയ കൂട്ടായ്മയായ ഖത്തർ മലയാളീസ് സംഘടിപ്പിച്ച “ഖത്തർ പൂരം സീസൺ രണ്ട്” ഖത്തർ മലയാളികളുടെ മനസ്സിൽ ആവേശം നിറച്ച മഹോത്സവമായി മാറി.
ജനുവരി 30 വെള്ളിയാഴ്ച ഐഡിയൽ ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിൽ ഉച്ചക്ക് രണ്ട് മണി മുതൽ ആരംഭിച്ച ഖത്തർ പൂരം വീക്ഷിക്കാൻ ആയിരങ്ങൾ ഒഴുകിയെത്തി. ഖത്തറിലെ മലയാളികൾക്ക് എന്നും ഓർമയിൽ സൂക്ഷിക്കാവുന്ന അഭിമാനകരമായ സാംസ്‌കാരിക മഹാമേളയായിരുന്നു കഴിഞ്ഞ വർഷം സംഘടിപ്പിച്ച ആദ്യ ഖത്തർ പൂരം. അതുകൊണ്ടുതന്നെ സീസൺ രണ്ടിൽ പുതുമകൾ കൊണ്ടുവരുന്നതിൽ സംഘാടകർ വിജയിച്ചു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയുടെ മാതൃകയിൽ കേരളത്തിൽ നിർമ്മിച്ച റോബോട്ടിക് ആന ഖത്തറിൽ എത്തിക്കുകയും, ഖത്തർ പൂരം കാണാനെത്തിയവർക്ക് ആനയെ കാണാനും ചിത്രങ്ങൾ പകർത്താനും അവസരം ഒരുക്കിയതും ഒരു നവ്യാനുഭവമായി.
പൂരവേദിയിൽ കേരളീയ കലയുടെ സമ്പന്നത നിറഞ്ഞ സിനിമാറ്റിക് ഡാൻസുകൾ, നാടൻ നൃത്തങ്ങൾ, കൈകൊട്ടിക്കളി, ഒപ്പന, കോൽക്കളി, മുട്ടിപ്പാട്ട്, ചെണ്ട മേളം, പാണ്ടി മേളം, ലൈവ് മ്യൂസിക്ക് ബാൻഡ് തുടങ്ങി ഇരുപതിലധികം വ്യത്യസ്ത കലാപരിപാടികൾ അരങ്ങേറി. ഇതിലൂടെ ഖത്തറിലെ 400-ലധികം കലാകാരന്മാർക്കും കലാസംഘങ്ങൾക്കും ഖത്തർ പൂരം അവസരമൊരുക്കി. ജനത്തിരക്കിനിടയിൽ ഫ്യൂഷൻ മേളം ഗ്രൗണ്ടിൽ സംഘടിപ്പിച്ചത് കാണികൾക്ക് വലിയ ആവേശം പകർന്നു.
പൂരനഗരിയിൽ ഒരുക്കിയ അമ്പതിലധികം അലങ്കരിച്ച വ്യത്യസ്ത സ്റ്റാളുകൾ സന്ദർശകർക്ക് നവ്യാനുഭവമായി. കേരളത്തിന്റെ പരമ്പരാഗത രുചികൾ മുതൽ അന്താരാഷ്ട്ര വിഭവങ്ങൾ വരെ, വീട്ടമ്മമാരുടെ കൈപ്പുണ്യം നിറഞ്ഞ നാടൻ ഭക്ഷണ സ്റ്റാളുകൾ, സൗജന്യ ആരോഗ്യ പരിശോധന, വിവിധ ബ്രാൻഡുകളുടെ പ്രദർശനം, മൈലാഞ്ചിയിടൽ, കുട്ടികൾക്കുള്ള കളികൾ, പൂരകച്ചവടം, കരകൗശല ഉത്പന്നങ്ങൾ, പ്രവാസി ക്ഷേമ സേവനങ്ങൾ, തുടങ്ങി അറിവും വിനോദവും പകരുന്ന സ്റ്റാളുകൾ പൂരനഗരിയെ സമ്പന്നമാക്കി.
വൈകീട്ട് ഏഴ് മണിക്ക് ആരംഭിച്ച ഉദ്ഘാടന ചടങ്ങിൽ ഖത്തറിലെ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഇന്ത്യൻ എംബസി അപെക്സ് ബോഡി ഭാരവാഹികളായ റഷീദ് അഹമ്മദ് (ICBF വൈസ് പ്രസിഡന്റ്), അബ്രഹാം കെ ജോസഫ് (ICC വൈസ് പ്രസിഡന്റ്) തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പ്രധാന പ്രായോജകരായ മർസ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജാഫർ കണ്ടോത്ത്, സീഷോർ കേബിൾസ് മാനേജിങ് ഡയറക്ടർ നിഷാദ് മുഹമ്മദലി, റിയാദ മെഡിക്കൽ സെന്റർ മാർക്കറ്റിംഗ് മാനേജർ അൽത്താഫ്, സെഞ്ചുറി റെസ്റ്റോറന്റ് പ്രധിനിധി ഇല്യാസ് മട്ടന്നൂർ, ഷെഫ് ട്രയോസ് റെസ്റ്റോറന്റ് പ്രധിനിധി ഡെന്നി സൈമൺ എന്നിവരും പങ്കെടുത്തു.
974 പ്രതിനിധികളായ മാനേജിങ് ഡയറക്ടർ റസൽ, റേഡിയോ സുനോ ആർ.ജെ അപ്പുണ്ണി, അഷ്ടമി എന്നിവരും ആശംസകളർപ്പിച്ചു സംസാരിച്ചു.
ഖത്തറിലെ കുടുംബങ്ങളും ബാച്ച്‌ലേഴ്സും ഒരുമിച്ച് ആസ്വദിച്ച ഏറ്റവും വലിയ ആഘോഷമായി ഖത്തർ പൂരം മാറിയതിൽ സംഘാടകർ അഭിമാനം പ്രകടിപ്പിച്ചു.
ഖത്തർ പൂരം 2026 മലയാളികളുടെ ഐക്യത്തിന്റെയും ഒത്തൊരുമയുടെയും അടയാളമാണെന്നും, ഖത്തർ മലയാളീസ് ഗ്രൂപ്പ് എന്നും മലയാളികൾക്കൊപ്പം സ്നേഹവും സൗഹൃദവും സഹായവുമായി കൂടെയുണ്ടാകുമെന്നും പരിപാടിയുടെ സംഘാടകരായ ഖത്തർ മലയാളീസ് പ്രതിനിധി കെ.ടി ബിലാൽ ഉറപ്പ് നൽകി.




