ഖത്തറിലെ ബീച്ചുകളുടെ മുഖച്ഛായ മാറും; പബ്ലിക്ക് ബീച്ച് ഡെവലപ്മെന്റ് പ്രൊജക്റ്റിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു

പബ്ലിക്ക് ബീച്ച് ഡെവലപ്മെന്റ് പ്രൊജക്റ്റിന്റെ രണ്ടാം ഘട്ടം ആരംഭിച്ച് ഖത്തർ. മികച്ച സൗകര്യങ്ങൾ ഒരുക്കി ബീച്ചുകൾ മെച്ചപ്പെടുത്തുകയും കൂടുതൽ പ്രാദേശിക, അന്തർദേശീയ വിനോദസഞ്ചാരികളെ ആകർഷിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഖത്തറിൽ താമസിക്കുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതും ലക്ഷ്യമാണെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
പൊതുജനക്ഷേമം മെച്ചപ്പെടുത്തുക, കായിക, സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുക, ഖത്തർ ടൂറിസത്തിന്റെ സഹായത്തോടെ നിലവാരമുള്ള സൗകര്യങ്ങൾ ബീച്ചിൽ നിർമ്മിക്കുക എന്നീ മൂന്ന് പ്രധാന ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് പദ്ധതിയെന്ന് മുതിർന്ന പ്രോജക്ട് ഉദ്യോഗസ്ഥയായ എഞ്ചിനീയർ ഇസ്സ മുഖ്ബിൽ പറഞ്ഞു.
പദ്ധതിക്ക് രണ്ട് ഘട്ടങ്ങളുണ്ട്. ആദ്യ ഘട്ടം പൂർത്തിയായി, വിവിധ മേഖലകളിലായി എട്ട് പബ്ലിക്ക് ബീച്ചുകളുടെ വികസനം ഇതിൽ ഉൾപ്പെടുന്നു. വികലാംഗർക്ക് വേണ്ടിയുള്ള നടപ്പാതകൾ, തണലുള്ള ഇരിപ്പിടങ്ങൾ, കളിസ്ഥലങ്ങൾ, കിയോസ്‌ക്കുകൾ, ബീച്ച് ഫർണിച്ചറുകൾ, അടയാളങ്ങൾ, മറ്റ് സേവനങ്ങൾ എന്നിവ ഈ ബീച്ചുകളിൽ ഇപ്പോൾ ഉണ്ട്.
രണ്ടാം ഘട്ടം ഇപ്പോൾ പുരോഗമിക്കുകയാണ്, ഖത്തറിലുടനീളമുള്ള 18 ബീച്ചുകളുടെ വികസനവും ഇതിൽ ഉൾപ്പെടും. പരിസ്ഥിതി സൗഹൃദ നിർമ്മാണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലൈറ്റുകളും മാലിന്യങ്ങൾ തരംതിരിക്കാനുള്ള സംവിധാനവും (ജൈവ മാലിന്യങ്ങൾക്കുള്ള ചാരനിറത്തിലുള്ള ബിന്നുകളും റീസൈക്ലിങ് ചെയ്യാനുള്ളവക്കായി നീല ബിന്നുകളും) ഉപയോഗിക്കുന്നു.
ബീച്ചുകളുടെ സ്ഥാനം, റോഡ് സൗകര്യം, സമീപത്തു ലഭ്യമായ സേവനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ബീച്ചുകൾ തിരഞ്ഞെടുത്തത്. സ്മാർട്ട് സേവനങ്ങളും ഈ പദ്ധതിയുടെ ഭാഗമായി ചേർക്കുന്നുണ്ട്. ഉദാഹരണത്തിന്, 974 ബീച്ചിലേക്കുള്ള സന്ദർശകർക്ക് ഇപ്പോൾ ഓൺലൈൻ ബുക്കിംഗ് സംവിധാനം ഉപയോഗിക്കാം. സ്ത്രീകൾക്കുള്ള പ്രത്യേക ദിവസങ്ങളിൽ, ബീച്ചിൽ 2,800 സന്ദർശകർ വരെ എത്തിയിട്ടുണ്ട്, വാരാന്ത്യങ്ങളിൽ പ്രതിദിനം ശരാശരി 800 സന്ദർശകരുണ്ട്.
വിസിറ്റേഴ്‌സ് ഫീഡ്‌ബാക്ക് ശേഖരിക്കാൻ മന്ത്രാലയം വ്യത്യസ്ത മാർഗങ്ങൾ ഉപയോഗിക്കുന്നു. സോഷ്യൽ മീഡിയ, ഫോൺ നമ്പർ അല്ലെങ്കിൽ “ഔൺ” മൊബൈൽ ആപ്പ് എന്നിവയിലൂടെ ആളുകൾക്ക് അവരുടെ നിർദ്ദേശങ്ങൾ അയയ്ക്കാം. സേവനങ്ങൾ പരിശോധിക്കുന്നതിനും സന്ദർശകരുമായി സംസാരിക്കുന്നതിനും ഫീൽഡ് ടീമുകളും പതിവായി ബീച്ചുകൾ സന്ദർശിക്കുന്നു.
ഈ പദ്ധതിയിൽ സ്വകാര്യ കമ്പനികൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആദ്യ ഘട്ടത്തിൽ ബീച്ചുകൾ നിർമ്മിക്കാൻ അവർ സഹായിച്ചു, കൂടാതെ 974 ബീച്ച് പോലുള്ള ചില ബീച്ചുകൾ സ്വകാര്യ സ്ഥാപനങ്ങളാണ് നടത്തുന്നത്. രണ്ടാം ഘട്ടത്തിൽ, സ്വകാര്യ നിക്ഷേപത്തിന് കൂടുതൽ അവസരങ്ങൾ ഉണ്ടാകും.
രണ്ടാം ഘട്ടത്തിനുശേഷവും ബീച്ച് വികസനം തുടരുമെന്ന് എഞ്ചിനീയർ മുഖ്ബിൽ പറഞ്ഞു. പുതിയ സ്ഥലങ്ങളിൽ കൂടുതൽ ബീച്ച് പ്രോജക്റ്റുകൾ മന്ത്രാലയം ആസൂത്രണം ചെയ്യുന്നുണ്ടെന്നും അപ്‌ഡേറ്റുകൾ ഉടൻ പങ്കിടുമെന്നും പറഞ്ഞു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t