പാരീസ്: സമീപകാലത്തെ കോവിഡ് വർധന കണക്കിലെടുത്ത്, ഫ്രഞ്ച് ലീഗ് ടീമും ഖത്തർ ഉടമസ്‌ഥതയിലുള്ളതുമായ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്‌ജി) നേരത്തെ തീരുമാനിച്ചിരുന്ന ജനുവരിയിലെ ഖത്തർ പര്യടനം ബുധനാഴ്ച മാറ്റിവെച്ചു. ഞായറാഴ്ച ആരംഭിക്കാനിരുന്ന ത്രിദിന പരിശീലന ക്യാമ്പിനായി ഖത്തറിലെത്താനും തുടർന്ന് ജനുവരി 19 ന് സൗദി തലസ്ഥാനമായ റിയാദിൽ സൗഹൃദ മത്സരം കളിക്കാനുമുള്ള തീരുമാനമാണ് ടീം മാറ്റിയത്.
ഫ്രാൻസിലെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത്, പാരീസ് സെന്റ് ജെർമെയ്ൻ തങ്ങളുടെ സ്റ്റാഫുകളുടെയും കളിക്കാരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനായി ഖത്തർ വിന്റർ ടൂർ 2022 മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി പിഎസ്ജി പ്രസ്‌താവനയിൽ പറഞ്ഞു.
ഈ മാസം PSG യുടെ സ്ക്വാഡിനെ കോവിഡ് കേസുകൾ ബാധിച്ചു. ഏഞ്ചൽ ഡി മരിയയും ജൂലിയൻ ഡ്രാക്‌സ്‌ലറുമാണ് കോവിഡ് പോസിറ്റീവ് ആയ ഏറ്റവും പുതിയ കളിക്കാർ. ഇത് ഞായറാഴ്ച ലിയോണിൽ നടന്ന ലീഗ് ഗെയിം നഷ്ടപ്പെടാൻ വരെ കാരണമായി. മിഡ് സീസൺ വിന്റർ ബ്രേക്കിനിടെ അർജന്റീനയിൽ ആയിരിക്കുമ്പോൾ ലയണൽ മെസ്സിക്കും വൈറസ് ബാധയുണ്ടായി.